Monday, November 19, 2012

ബ്ലൂടൂത്ത് റിമോട്ട് കണ്ട്രോൾ.

ബ്ലൂടൂത്ത് ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു റിമോട്ട് കണ്ട്രോൾ നിർമ്മിക്കാൻ എളുപ്പവഴി നോക്കാം. നിലവിൽ ലഭ്യമായ സർക്യൂട്ടുകളെല്ലാം അതീവ സങ്കീർണ്ണമായ ബോർഡുകൾ ഉൾപ്പെടുത്തി ഡിസൈൻ ചെയ്യപ്പെട്ടവയാണ്. ബ്ലൂട്ടൂത്ത് മോഡ്യൂൾ, ഇന്റർഫേസുകൾ തുടങ്ങി നിരവധി ഘടങ്ങൾ, സാധാരണക്കാർക്കോ തുടക്കക്കാർക്കോ പെട്ടന്ന് ചെയ്യാൻ സാധിക്കാത്തവണ്ണമാണവ എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം.  എത്രയും ലളിതമായി, സർവ്വ സാധാരണമായി ലഭിക്കുന്ന വിവിധ ഘടങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കാവുന്ന ഒരു പ്രോജക്റ്റ് നോക്കാം.

1. മൊബൈൽ ഫോൺ:
നാം എല്ലാവരും ഉപയോഗിക്കുന്ന മൊബൈൽ ഫോൺ തന്നെയാണ് ഒന്നാമത്തെ ഘടകം. ഇതിലെ കീ പാട് പ്രസ് പുറപ്പെടുവിക്കുന്ന DTMF ടോൺ, ട്രാൻസ്മിഷൻ നടത്താനായി ഇതിലെ തന്നെ ബ്ലൂടൂത്ത് ട്രാസ്മിറ്റർ എനിവയാണ് ഈ റിമോട്ടിനായി  ഉപയോഗപ്പെടുത്തുന്നത്.

2. ബ്ലൂടൂത്ത് ഹെഡ് സെറ്റ്:
മൊബൈൽ ഫോണിനായി ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ഹെഡ് സെറ്റ് ആണ് ഡി ടി എം എഫ് റിസീവറായി ഉപയോഗിക്കുന്നത്. ഇതിലെ ഹെഡ്ഫോൺ ലീഡുകൾ ടാപ്പ് ചെയ്ത് ഡീ കോഡറിലേക്ക് കണക്റ്റ് ചെയ്യുന്നു.

3. ഡീ കോഡർ:
ഇലക്റ്റ്രോണിക്സ് ഫോർ യു പബ്ലിഷ് ചെയ്ത് ടെലി റിമോട്ട് കണ്ടോളർ പ്രോജക്റ്റിലെ സർക്യൂട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്, ചെറിയ മാറ്റങ്ങളോടെ.

താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

സർക്യൂട്ട്:

ടെലിഫോൺ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു സർക്യൂട്ടാണിത്. ഇതിൽ മാറ്റങ്ങൾ ആവശ്യമാണ്.
1. RL1 ന്റെ കണക്ഷൻ സ്വിച്ചു ചെയ്യാനായി ഉപയോഗിക്കാം. .
2. R1, R2, R3 ഒഴിവാക്കുക.
3. ഡീകോഡറിനു റെഗുലേറ്റഡ് 5 V സപ്ലേ നൽകുന്നതാകും ഉചിതം. അതിനായി ചിത്രത്തിലെ RL2 റിലേക്കും IC 5 ന്റെ 14 ആം പിന്നിനും ഇടയിൽ 7805 റെഗുലേറ്റർ ഐ സി ഉപയോഗിക്കുക. 
4. മെയിൻ സപ്ലേ വോൾട്ടേജ് 12 ആക്കുക.
5. ബ്ലൂ ടൂത്ത് ഹെഡ് സെറ്റിന്റെ ഗ്രൗണ്ട് ഇതിലെ ഗ്രൗണ്ടിലേക്കും, ഓഡിയോ ഔട്ട് കപ്പാസിറ്റർ C1 ലേക്കും കണക്റ്റ് ചെയ്യുക.
6. മൊബൈലിന്റെ കീ പാട് ടോൺ മീഡിയം എങ്കിലും സെറ്റ് ചെയ്യുക.

ബ്ലൂ ടൂത്ത് പെയർ ചെയ്യുക.
1 മുതൽ 0 വരെ ഉള്ള കീ കൾ ഉപയോഗിച്ച് 10 റിലേകൾ പ്രവർത്തിപ്പിക്കാവുന്നതാണ്.

Tuesday, January 26, 2010

ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക

ഇന്‍ഡക്ഷന്‍ കുക്കര്‍ എന്ന ഉപകരണത്തെപറ്റി പതിവുകാഴ്ചകളില്‍ ഒരു പോസ്റ്റിട്ടിരുന്നു. അടുത്തിടെ പ്രചാരം നേടിയ ഒരു ഉപകരണം എന്ന നിലയില്‍ ആ വിഷയത്തില്‍ താത്പര്യമുള്ള ധാരാളം സന്ദര്‍ശകരും ഉണ്ടായിരുന്നു. ബ്ലോഗിനു പുറത്തും പല സുഹൃത്തുക്കളും ഇതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസ്സിലാക്കാന്‍ പറ്റിയ ഒരു പ്രവര്‍ത്തന മാതൃക , 12 വോള്‍ട്ട് ഡി.സി യില്‍ പ്രവര്‍ത്തിക്കുന്നത് ഉണ്ടാക്കിയതിന്റെ വിശദാംശങ്ങള്‍ കാണുക.

ഇത് ഒരു സര്‍വ്വ സാധാരണമായ ഓസിലേറ്റര്‍ സര്‍ക്യൂട്ടാണ്. പുഷ് പുള്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രാന്‍സിസ്റ്ററുകളും ചില ഘടകങ്ങളും ചേര്‍ന്നതാണീ സര്‍ക്യൂട്ട്. ചിത്രം നോക്കിയാല്‍ തന്നെ പ്രവര്‍ത്തനം വ്യക്തമാവുന്നത്ര ലളിതം. ഏകദേശം 20 കിലോ ഹെര്‍ഡില്‍ പ്രവത്തിക്കുന്ന ഓസിലേറ്റര്‍ 15 വോള്‍ട്ട് ഔട്ട്പുട്ടാണ് നല്‍കുന്നത്. ഇതിനു മാച്ച് ചെയ്യുന്ന വിധത്തിലൊരു കോയില്‍ ഘടിപ്പിച്ചാല്‍ ഇതൊരു ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രവര്‍ത്തന മാതൃകയായി.

വളരെ കുറച്ച് ഘടകങ്ങള്‍, ട്രാന്‍സ്ഫോര്‍മര്‍ വൈന്റിങ് വിശദാംശങ്ങള്‍ ചിത്രത്തില്‍ തന്നെ കാണാം. ഇമ്പടന്‍സ് മാച്ചിങിനും കോയിലിന്റെ റസൊണന്‍സിനുമായി കപ്പാസിറ്ററുകള്‍ ഉപയോഗിച്ചിരിക്കുന്നു.

ഘടകങ്ങള്‍:
1. ട്രാന്‍സിസ്റ്റര്‍ : 2N 3055 - 2
2. ബയാസ് റസിസ്റ്റര്‍ : 470 ഓംസ് 1/2 വാട്ട് - 1(സര്‍ക്യൂട്ടില്‍ ഇത് 120 എന്ന് കാണിച്ചിട്ടുണ്ട്)
3. ഇലക്രോലിറ്റിക് കപ്പാസിറ്റര്‍ : 2200 MFD 250 V - 1
4.ട്രാന്‍സ്ഫോര്‍മര്‍ : 10 mm X 14 mm കോര്‍ ഏരിയയും‍ 20 mm നീളവുമുള്ള E - I ഫെറൈറ്റ് കോര്‍. (എസ്.എം.പി എസ് സ്ക്രാപ്പില്‍ നിന്നുള്ളതാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്)
5. ഇമ്പടന്‍സ് മാച്ചിങ് കപ്പാസിറ്റര്‍: 0.47 mfd 100 V -1
6. റസോണന്‍സ് കപ്പാസിറ്റര്‍ : 0.22 mfd 100 V - 1
7. 3055 നുള്ള ഹീറ്റ് സിങ്ക് : 1

നിര്‍മ്മാണം:
ഒരു ജനറല്‍ പര്‍പ്പസ് ബോര്‍ഡില്‍ നിര്‍മ്മിക്കാവുന്ന ഘടങ്ങള്‍ മാത്രമേ ഇതിലുള്ളൂ. പ്രധാന ഘടകമായ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മിക്കാന്‍, നിര്‍ദ്ദിഷ്ട അളവിലുള്ള ബോബിനില്‍ 23 ഗേജ് കമ്പി 14 ചുറ്റുകള്‍ , ഏഴാമത്തെ ചുറ്റ് ടാപ്പ് ചെയ്തത് ആവശ്യമാണ്. ഫീഡ് ബാക്ക് ചുറ്റ് ഇടുമ്പോള്‍ ശ്രദ്ധിക്കണ്ട സംഗതി എന്തെന്നാല്‍ പ്രൈമറി ചുറ്റുകള്‍ക്ക് എതിര്‍ ദിശയില്‍ വേണം ചുറ്റുകള്‍ വരേണ്ടത്, 28 ഗേജ് 3 ചുറ്റുകളാണ് ഫീഡ് ബാക്ക്. ഓരോ ഘട്ടവും പൂര്‍ത്തിയാവുന്ന മുറക്ക് ഇന്‍സുലേഷന്‍ ചുറ്റി വേണം അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടത്. സെക്കന്ററി വൈന്‍ഡിങിന് ദിശ പ്രസക്തമല്ല, 22 ഗേജ് കമ്പി 8 ചുറ്റുകള്‍.


ഇത് കോയില്‍. 28 ഗേജ് കമ്പി അഞ്ച് എണ്ണം പാരലലായി 8 ചുറ്റ്, വ്യാസം 15 സെ.മീ. കാന്തിക ഫ്ലക്സ് കേന്ദ്രീകരിക്കാനായി രണ്ട് ഫെറൈറ്റ് കോറുകള്‍ വച്ചിരിക്കുന്നു, ട്രാന്‍സ്ഫോര്‍മറിനുള്ള അതേ കോര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.



ഇത് ബോര്‍ഡ്, ട്രാന്‍സിസ്റ്റര്‍ ഹീറ്റ് സിങ്കില്‍ മൌണ്ട് ചെയ്തത് കാണാം, അത്ര കാര്യമായി ചൂടാവുന്നതായി കണ്ടില്ല.



പണി പൂര്‍ത്തിയായി ഭംഗിയായ് മൌണ്ട് ചെയ്തിരിക്കുന്ന മോഡല്‍.

ടെസ്റ്റിങ്:
എല്ലാ ഘടങ്ങളും ഇണക്കിക്കഴിഞ്ഞാല്‍ ഓസിലേറ്റര്‍ പ്രവത്തിക്കാനാരംഭിക്കേണ്ടതാണ്. സെക്കന്ററിയില്‍ മള്‍ട്ടീ മീറ്റര്‍ വച്ച് വോള്‍ട്ടേജ് അളക്കാവുന്നതാണ്. ലോഡില്ലാത്ത അവസ്ഥയില്‍ 50 വോള്‍ട്ട് വരെ മള്‍ട്ടീമീറ്റര്‍ രേഖപ്പെടുത്തിയേക്കാം. ഹീറ്റര്‍ ആയി ഉപയോഗിക്കുന്ന കമ്പിച്ചുറ്റ് ഘടിപ്പിച്ചാല്‍ ഇത് 15 വോള്‍ട്ടിലേക്ക് താഴും. തുടര്‍ന്ന് ഉപകരണം എത്ര കരണ്ട് എടുക്കുന്നു എന്ന് അളക്കുക, ലോഡില്ലാതെ പരമാവധി 150 മുതല്‍ 200 മില്ലി ആമ്പിയര്‍ വരെ കരണ്ട് എടുക്കുന്നതായാണ് കണ്ടത്, അതില്‍ കൂടുതല്‍ വരികയാണെങ്കില്‍ ബയാസ് റസിസ്റ്റര്‍ കൂട്ടി പരീക്ഷണം ആവര്‍ത്തിക്കുക.
ഒരു ചെറിയ സ്റ്റീല്‍ പാത്രം, കോയിലിനും മുകളില്‍ വച്ച് പവര്‍ കൊടുത്താല്‍ പാത്രം ചൂടാവുന്നത് കാണാം.
വീണ്ടും കരണ്ട് അളക്കുക, ഇത് 1.00 മുതല്‍ 1.2ആമ്പിയര്‍ വരെ വരാം, വന്നില്ലെങ്കില്‍ ബയാസ് റസിസ്റ്റര്‍ കുറച്ചു നോക്കുക.ഇപ്രകാരം ടെസ്റ്റ് ചെയ്താണ് ഇവിടെ 470 ഓംസ് എന്ന് എത്തിച്ചേര്‍ന്നത്. സ്റ്റീലിനു പകരം അലൂമിനിയം ഉപയോഗിക്കുകയോ, പ്രവര്‍ത്തിക്കുന്ന കോയിലിനു മുകളില്‍ കൈ വച്ച് നോക്കുകയോ ചെയ്താല്‍ ചൂടാവുകയുമില്ല. സ്കൂള്‍ തലത്തിലും മറ്റും ഇന്‍ഡക്ഷന്‍ ഹീറ്റിങിനെ പറ്റി പഠിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.

കുറിപ്പ്:
വെറും 1.2 ആമ്പിയര്‍ കരണ്ട് എടുക്കുന്ന ഈ ഉപകരണം ഒരു പ്രവര്‍ത്തന മാതൃക മാത്രമാണ്, വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാനാവില്ല.