Wednesday, December 30, 2009

എസ്.എം.പി.എസ് പുനരുപയോഗം - 2

കമ്പ്യൂട്ടര്‍ എസ്.എം.പി.എസ് പുനരുപയോഗം ചെയ്യുന്നതിനെപ്പറ്റിയാണല്ലോ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നത്. സര്‍ക്യൂട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ വിശദീകരിച്ചു കഴിഞ്ഞു. ഇനി പ്രധാന ഘടകമായ ട്രാന്‍സ്ഫോര്‍മറിന്റെ വൈന്‍ഡിങ് എപ്രകാരമാണെന്ന് നോക്കാം. അതിന്‍ പ്രകാരം ഒരു വോള്‍ട്ടിന് എത്ര ചുറ്റ് എന്ന ഏകദേശ ധാരണ എത്താനും നമുക്ക് ആവശ്യമുള്ള വോള്‍ട്ടിലേക്ക് ട്രാന്‍സ്ഫോര്‍മര്‍ മാറ്റിയെടുക്കാനും സാധിക്കും.

എല്ലാ ട്രാന്‍സ്ഫോര്‍മറിലെപ്പോലെ പ്രൈമറിയും സെക്കന്ററിയും വൈന്‍ഡിങുകളാണ് ഇതിലും ഉള്ളത്. ഹൈ ഫ്രീക്വസി തരംഗങ്ങളീല്‍ ഓസിലെറ്റ് ചെയ്യണ്ടതിനാല്‍ കോര്‍ ഫെറൈറ്റ് ആയിരിക്കും. വളരെ മൃദുവായ ഈ കോര്‍ എളുപ്പം പൊട്ടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂ‍ക്ഷ്മതയോടെ വേണം പൊളിക്കാന്‍. സെന്റര്‍ ടാപ്പ് ചെയ്ത സെക്കന്ററിയുടെ ഓരോ സെറ്റ് വൈന്‍ഡിങുകളും 5.00 വോള്‍ട്ടില്‍ ടാപ്പ് ചെയ്തിരിക്കുന്നു. )കൂടുതല്‍ കരണ്ട് ലഭിക്കാനായി മൂന്നു കമ്പികള്‍ ഒന്നിച്ച് 3 ചുറ്റാണ് 5 വോള്‍ട്ട് സെക്ഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന ആവൃത്തി തരംഗങ്ങള്‍ ഉപയോഗിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളില്‍ കനം കുറഞ്ഞ കമ്പികള്‍ ഒന്നില്‍ കൂടുതല്‍ എണ്ണം ഉപയോഗിച്ചാണ് കൂടുതല്‍ കരണ്ട് കൈകാര്യം ചെയ്യുന്നത് (സ്കിന്‍ ഇഫക്റ്റ് റഫര്‍ ചെയ്യുക). അഞ്ചുവോള്‍ട്ടിനു തുടച്ചയായി ഒറ്റക്കമ്പികളുടെ നാലു ചുറ്റുകളാണ് ബാക്കി ഏഴ് വോള്‍ട്ടിന് ഉപയോഗിക്കുന്നത്. ഈ നാലു ചുറ്റുകള്‍ ബൈഫൈലാര്‍ വൈന്‍ഡിങ് എന്നറിയപ്പെടുന്ന രീതിയില്‍ രണ്ട് കമ്പികള്‍ ഒന്നിച്ച് ചേര്‍ത്ത് വൈന്‍ഡ് ചെയ്യുകയും അവയുടെ അറ്റങ്ങള്‍ ക്രമാനുസരണം 5 വോള്‍ട്ട് ചുറ്റുകളുടെ അഗ്രത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നു.



ഇടതു വശത്ത് കാണുന്നത് പ്രൈമറി ചുറ്റുകളുടെ തുടക്കമാണ്. വലതു വശത്തു കാണുന്നത് 5.00 വോള്‍ട്ട് സെക്ഷനിലെ ട്രൈഫൈലാര്‍ വൈന്‍ഡിങാണ്.




ട്രാന്‍സ്ഫോര്‍മറിന്റെ ഒരു ക്രോസ്സ് സെക്ഷന്‍ ഇതാ. ചുറ്റുകള്‍ എപ്രകാരമാണെന്നതിന് ഒരു സൂചന എന്ന നിലയില്‍.


ഇത് വൈന്‍ഡിങ് തീര്‍ന്ന ഒരു ട്രാന്‍സ്ഫോര്‍മറാണ്. 20 വോള്‍ട്ടിനുള്ളിലാണെങ്കില്‍ ചുറ്റൊന്നിന് 12/7 വോള്‍ട്ട് എന്ന കണക്ക് പ്രകാരം ഒറ്റ സെറ്റ് വൈന്‍ഡിങ് മതിയാവുന്നതാണ്. 20 വോള്‍ട്ടില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ 12 വോള്‍ട്ട് ടാപ്പ് ഇടാന്‍ മറക്കരുത്. ഇവിടെ 20 വോള്‍ട്ടിനായി 11 ചുറ്റാണ് ഇട്ടിരിക്കുന്നത്. 28 ഗേജ് കമ്പികള്‍ മൂന്നെണ്ണം. വോള്‍ട്ടേജിലെ ചെറു വ്യത്യാസങ്ങള്‍ സര്‍ക്യൂട്ട് വ്യത്യാസപ്പെടുത്തി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഫാന്‍ ഉപയോഗിക്കുന്ന പക്ഷം 12 വോള്‍ട്ട് റെഗുലേറ്റര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. 12/13.2 വോള്‍ട്ട് ഉയര്‍ന്ന് ആമ്പിയര്‍ കരണ്ടാണ് ആവശ്യമെങ്കില്‍ എല്ല വൈന്‍ഡിങുകളും അഴിച്ച് 23 ഗേജ് കമ്പി രണ്ടെണ്ണം ഒന്നിച്ച് 7 + 7 ചുറ്റ് എന്ന നിലയില്‍ വൈന്‍ഡ് ചെയ്താല്‍ മതിയാവുന്നതാണ്.



പണി പൂര്‍ത്തിയായ ഒരു 20 വോള്‍ട്ട് യൂണിറ്റ്. വോള്‍ട്ടേജ് ചെറുതായി അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിനു ശേഷം പവര്‍ സപ്ലേയുടെ ബോക്സില്‍ തന്നെ ഫിറ്റ് ചെയ്യാം.

Sunday, December 27, 2009

കമ്പ്യൂട്ടര്‍ പവര്‍ സപ്ലെ പുനരുപയോഗം

കമ്പ്യൂട്ടര്‍ പവര്‍ സപ്ലെ പുനരുപയോഗം (Re use of Pc Power Supply) ഒന്നാം ഭാഗം.
(മുന്നറിയിപ്പ്: ശ്രദ്ധിച്ചു കൈകാര്യം ചെയ്യാത്ത പക്ഷം ഷോക്ക് കിട്ടാം)
കമ്പ്യൂട്ടര്‍ എന്ന ഇലക്ട്രോണിക് ഉപകരണത്തിന്റെ വളര്‍ച്ച ത്വരിത ഗതിയിലാണ്. പുതുതലമുറ വരുന്നതിനനുസരിച്ച് പഴഞ്ചനായവയും ശേഷികുറഞ്ഞവയുമായ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് എസ്.എം.പി.എസ് എന്നറിയപ്പെടുന്ന പവര്‍ സപ്ലേ. പുതിയ സാങ്കേതിക വിദ്യയിലെ എ.ടി.എക്സ് പവര്‍ സപ്ലേ വന്നതോടെ പഴയ എ.ടി സപ്ലേകള്‍ പുറന്തള്ളപ്പെട്ടു. എന്റെ മുറിയുടെ മൂലക്ക് തന്നെ കിടക്കുന്ന ഒരു പഴയ എ.ടി പവര്‍ സപ്ലേ റീ യൂസ് ചെയ്ത് ഒരു പ്രോജക്റ്റോടെ ഈ സീരീസിലെ ചില പരീക്ഷണങ്ങള്‍ ആ‍രംഭിക്കുന്നു.

പഴയൊരു പി.3 ഡെല്‍ നോട്ട് പാഡ് ഉണ്ടായിരുന്നത് ഏകദേശം ഡസ്ക്ടൊപ്പിന്റെ ഉപയോഗമായിരുന്നു നടത്തിയിരുന്നത്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതിന്റെ പവര്‍ സപ്ലെ കേടായതിനു പകരം പഴയ പിസി എ.ടി പവര്‍ സപ്ലേ അല്പം വ്യത്യാസങ്ങള്‍ വരുത്തി 20 വോള്‍ട്ട് ചാര്‍ജറായി മാറ്റി.


ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഇത്തരത്തിലുള്ള ധാരാളം കണ്‍വേര്‍ഷനുകള്‍ ലഭിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍ ചെയ്തു വരുമ്പൊള്‍ അത്ര ലളിതമായി കാണാത്തതിനാല്‍ അടിസ്ഥാനപരമായ മാറ്റങ്ങളെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മാത്രവുമല്ല വിവിധ സര്‍ക്യൂട്ടുകള്‍ ഉപയോഗത്തിലുമുണ്ട്. ഉയര്‍ന്ന ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓസിലേറ്ററാണ് ഏതൊരു പവര്‍ സപ്ലേയുടേയും അടിസ്ഥാന ഘടകം. വൈദ്യുത ലൈനില്‍ നിന്നും ലഭിക്കുന്ന എ.സി കരണ്ടിനെ ഡി.സി ആക്കി അതുപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഒരു പള്‍സ് വിഡ്ത്ത് മോഡുലേറ്ററും അത് അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ഡി.സി റ്റു ഡി.സി കണ്‍ വേര്‍ട്ടറുമാണ് എസ്.എം.പി.എസ്. കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം +12, - 12, +5 , ‌-5 എന്നീ സപ്ലേകളാണ് പ്രധാനമായും പുറത്തുവരുന്നത്. വളരെ കൃത്യതയാര്‍ന്നതും ശുദ്ധവുമായ പവറാണ് കമ്പ്യൂട്ടറിന് ആവശ്യമായി വരുന്നതെന്നതിനാല്‍ വോള്‍ട്ടേജ് റഗുലേഷന്‍, ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഓവര്‍ ലോഡ് പ്രൊട്ടക്ഷന്‍ എന്നിവ ഈ യൂണിറ്റില്‍ ഉണ്ടായിരിക്കും. മേല്‍ കാണിച്ച നാലു സപ്ലേകളും പ്രത്യേകമായി സാമ്പിള്‍ ചെയ്ത് അവയുടെ ആകെ ഫലം ഉപയോഗിച്ചാണ് ഈ നിയന്ത്രണങ്ങള്‍ സാദ്ധ്യമാക്കുന്നത്. എതെങ്കിലും ഒരു വോള്‍ട്ടേജ് മാറ്റാന്‍ ശ്രമിച്ചാല്‍ മൊത്തം പവര്‍ സപ്ലേ യൂണിറ്റ് തന്നെ പ്രവര്‍ത്തിക്കാതെയാവും. +12 വോള്‍ട്ട് എന്ന ഒറ്റ വാല്യൂവിനനുസരിച്ച് മോഡിഫിക്കേഷന്‍സ് വരുത്തിയ ശേഷം കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പോവുകയാവും ഉചിതം. ഓസിലോസ്കോപ്പോ അതുപോലെയുള്ള വേവ് ഫോം കാണാനുള്ള സൌകര്യം ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ചെയ്യാമിത്. പ്രായോഗിക വീട്ട് സാഹചര്യങ്ങള്‍ ഓസിലോസ്കോപ്പുപോലെയുള്ള ഉപകരണങ്ങള്‍ അപ്രാപ്യമായതിനാല്‍ സപ്ലേ ഫാന്‍ കറങ്ങുന്ന അവസ്ഥ സ്ഥിരമായി നില നിര്‍ത്തി ഘട്ടം ഘട്ടമായി മറ്റ് പരിഷ്കാരങ്ങളിലേക്ക് കടക്കുകയാവും ബുദ്ധി.( 494 ഓസിലേറ്റ് ചെയ്യുന്നുണ്ടോ എന്നറിയാന്‍ ചെറിയൊരു ഡ്രൈവര്‍ ട്രാസ്ന്‍ഫോര്‍മര്‍ കണക്റ്റ് ചെയ്ത് അതിലെ സെക്കന്ററിയില്‍ വോള്‍ട്ടേജിന്റെ സാന്നിദ്ധ്യം അളന്നാണ് ഞാന്‍ പരീക്ഷിക്കാറ്.)
ഇടതു വശത്തെ ഡയഗ്രം നോക്കുക. എപ്രകാരമാണ് വോള്‍ട്ടേജും ഓവര്‍ ലോഡും നിയന്ത്രിക്കപ്പെടുന്നത് എന്നതിന്റെ ഒരു സൂചനമാത്രമാണ് ( സര്‍ക്യൂട്ട് പൂര്‍ണ്ണമല്ല) . ഇവിടെ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.
1. TL 494 ഐസിയുടെ ഒന്നാമത്തെ പിന്‍. ഔട്ട്പുട്ട് വോള്‍ട്ടേജുകള്‍ ഫീഡ് ബാക്ക് കൊടുക്കുന്ന പിന്നാണ് ഇത്. നിലവില്‍ വിവിധ വോള്‍ട്ടേജുകള്‍ കൊടുത്തിട്ടുള്ളതിനു പകരം +12 വോള്‍ട്ട് ഫീഡ് ബാക്കു മാത്രമായി വേര്‍തിരിക്കുക എന്നതാണ് ആദ്യ ഘട്ടം. ആ പിന്നിനെ എല്ലാറസിസ്റ്ററുകളും മാറ്റിയ ശേഷം 3.9 കിലോ.ഓംസ് ഗ്രൌണ്ടിലേക്കും 6.8 കിലോ ഓം + 12 ലെക്കും കൊടുത്ത് അത് പ്രവര്‍ത്തിപ്പിച്ചു.
2. ഡിഫറന്‍ഷ്യല്‍ ആമ്പ് ആയ LM 339 ലാണ് ബാക്കി വ്യത്യാസങ്ങള്‍. ഓവര്‍ ലോഡ് പിന്നില്‍ വ്യത്യാസം ഒന്നും വരുത്തേണ്ടതില്ല.
3. ഓവര്‍ വോള്‍ട്ടേജ് പിന്ന് (പിന് 7) ലേക്ക് കൊടുത്ത റസിറ്ററുകള്‍ വ്യത്യാസം വരുത്തി 12 വോള്‍ട്ട് ഒറ്റ സപ്ലേയിലേക്ക് അഡ്ജസ്റ്റ് ചെയ്ത് കൊണ്ടു വരികയാണ് അടുത്ത പടി. നിലവിലെ + 12 ഒഴികെ മറ്റെല്ലാ ലൈനുകളും കട്ട് ചെയ്യുകയും പകരം 2.7 കിലോ ഓംസ് റസിസ്റ്റര്‍ ഗ്രൌണ്ട് ചെയ്യൂകയും ചെയ്ത് ഇത് സാധ്യമായി.

ഇപ്പോള്‍ നമ്മുടെ പവര്‍ സപ്ലേ +12 വോള്‍‍ട്ട് മാത്രം ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇനി ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ കൂടി വരുത്താവുന്നതാണ്.

+12 വോള്‍ട്ടില്‍ നിന്നും പള്‍സ് വിഡ്ത്ത് കണ്ട്രോള്‍ ഐസി (494) യുടെ പിന്‍ 1 ലേക്ക് കൊടുത്തിരിക്കുന്ന റെസിസ്റ്റര്‍ വാല്യൂ കൂട്ടുന്നതിനനുസരിച്ച് പള്‍സ് വിഡ്ത്ത് മോഡുലേഷന്‍ വ്യത്യാസം വരുന്നതും വോള്‍ട്ടേജ് കൂടുന്നതുമാണ്. ബാറ്ററി ചാര്‍ജര്‍ (13.2 വോള്‍ട്ട്) ആയി ഉപയോഗിക്കാന്‍ ഇപ്രകാരം വ്യത്യാസം വരുത്തിയിയാല്‍ മതിയാകും. അതില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചാല്‍ ഡ്രൈവര്‍ ട്രാന്‍സിസ്റ്ററുകള്‍ ലോഡ് കൂടാനിടയുണ്ട്.

കൂടുതല്‍ വോള്‍ട്ടേജ് , അല്ലെങ്കില്‍ കരണ്ട് ആവശ്യമുള്ള പക്ഷം ഔട്ട്പുട്ട് ട്രാന്‍സ്ഫോര്‍മറില്‍ വ്യത്യാസം വരുത്തി സാദ്ധ്യമാക്കാവുന്നതാണ്. ഔട്ട്പുട്ട് ട്രാന്‍സ്ഫോര്‍മര്‍ എപ്രകാരം റീവൈന്‍ഡ് ചെയ്യാമെന്ന് അടുത്ത ഭാഗത്തില്‍ വിശദീകരിക്കാം.
കുറിപ്പ്:
മെര്‍ക്കുറി കമ്പനിയുടെ എ.ടി. 200 വാട്ട് എസ്.എം.പി.എസ് ഉപയോഗിച്ചാണ് ഈ പവര്‍ സപ്ലേ ഉണ്ടാക്കിയത്. ട്രാന്‍സ്ഫോര്‍മര്‍ വൈന്‍ഡിങും കൂടെ വിശദീകരിച്ച ശേഷം ഉണ്ടാക്കിയെടുത്ത പവര്‍ സപ്ലേയുടെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്യാം.

Friday, December 25, 2009

ഉരുളക്കിഴങ്ങ് ബാറ്ററി - തുടര്‍ച്ച

ഇലക്ട്രോഡുകളുടെ സ്ഥാനം
ഉരുളക്കിഴങ്ങ് ബാറ്ററി എന്ന കഴിഞ്ഞൊരു പോസ്റ്റില്‍ വിശ്വപ്രഭ വിശദമായൊരു കമന്റിടുകയും പരീക്ഷണം ആവര്‍ത്തിക്കാമോ എന്ന് ആരായുകയും ചെയ്തു. അതില്‍ അദ്ദേഹ പറഞ്ഞ കാര്യം ഇതായിരുന്നു. ഉരുളക്കിഴങ്ങില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ അകലം കൂട്ടുകയും വിശിഷ്യാ പോളുകളില്‍ ആയിരുന്നെങ്കില്‍ ഇ.എം.എഫ് അധികമായി ലഭിച്ചേനെ എന്നായിരുന്നു . അതിന്‍ പ്രകാരം ചെയ്ത പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.



ഇലക്ട്രോഡുകള്‍ മദ്ധ്യഭാഗത്തായി ഘടിപ്പിച്ചിരിക്കുന്നു, 826 മില്ലി വോള്‍ട്ട് ലഭിച്ചു.

ഇലട്രോഡുകള്‍ അകലെയുള്ള പോളുകള്‍ക്ക് സമീപം ആക്സിസിന് ലംബമായി ഘടിപ്പിച്ചിരിക്കുന്നു, 827 മി.വോ. ലഭിച്ചു.


ഇലക്ട്രോഡുകള്‍ പോളുകളില്‍ ആക്സിസിനു തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്നു, 821 മി.വോ. ലഭിച്ചു.


ഈ മൂന്നു ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇലക്ട്രോഡുകളുടെ അകലവും ലഭിക്കുന്ന ഇ.എം.എഫും തമ്മില്‍ ബന്ധമില്ലെന്ന് വിലയിരുത്താം.

രണ്ട് പൊട്ടറ്റോ ബാറ്ററികള്‍ ശ്രേണിയായി ഘടിപ്പിച്ച് എല്‍.ഇ.ഡി പ്രകാശിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാനായിരുന്നു മറ്റൊരു നിര്‍ദ്ദേശം. രണ്ടെണ്ണം ഉപയോഗിച്ചിട്ടും ബള്‍ബ് കത്തിയില്ല. എന്നാല്‍ മൂന്നെണ്ണം ഉപയോഗിച്ചപ്പോള്‍ എല്‍.ഇ.ഡി മിനുങ്ങാന്‍ തുടങ്ങി.

എല്‍.ഇ.ഡി കത്തുന്നു എന്ന് വേണമെങ്കില്‍ പറയാം, ജസ്റ്റ് ഗ്ലോയിങ്. 23 മൈക്രോ ആമ്പിയര്‍ കരണ്ട് മാത്രമേ ഒഴുകുന്നുള്ളൂ.

തുടര്‍ന്ന് പഴുത്ത തക്കാളി ഉപയോഗിച്ച മൂന്നു ബാറ്ററികള്‍ പരീക്ഷിച്ചു, എല്‍.ഇ.ഡി വളരെ നന്നായി പ്രകാശിക്കാനാരംഭിച്ചു.

205 മൈക്രോ അമ്പിയര്‍ കരണ്ട് ഒഴുകുന്നുണ്ട്, ഉരുളക്കിഴങ്ങിനേക്കാള്‍ 10 ഇരട്ടി അധികം.

സാന്‍വിച്ച് ബാറ്ററി:

ഇത് ഒരു ഇമ്പ്രവൈസ്ഡ് മോഡലിനുള്ള തയ്യാറെടുപ്പാണ്, ഇലക്ട്രോഡുകള്‍, ഉരുളക്കിഴങ്ങ് എന്നിവ ചിത്രത്തില്‍ കാണുന്ന വിധം കഷണങ്ങളാക്കി.


ഇടതു വശത്തെ ചിത്രം ശ്രദ്ധിക്കുക.അതില്‍ കാണിച്ചിരിക്കുന്നപോലെ സാന്‍വിച്ച് പരുവത്തില്‍ സിങ്കും കോപ്പറും ഉരുളക്കിഴങ്ങും വച്ചു. ഇപ്പോഴത് മൂന്ന് സെല്ലുകളുള്ള ഒരു യൂണിറ്റായി.






ബാറ്ററി തയ്യാര്‍, 1.9 വോള്‍ട്ട് തരുന്നുണ്ട്.


എ.ഇ.ഡി ഘടിപ്പിച്ചു നോക്കി, ഫലം അത്ര സന്തോഷ ദായകമായിരുന്നില്ല, എന്നാലും 55 മൈക്രോ ആമ്പിയര്‍ കരണ്ട് ഒഴുകുന്നുണ്ട്.



ഇത് ഉരുളക്കിഴങ്ങിനു പകരം ബീറ്റ് റൂട്ട് കഷണങ്ങള്‍ ഉപയോഗിച്ച ബാറ്ററിയാണ്, വലിയ വ്യത്യാസം ഒന്നും കണാനായില്ല.
തക്കാളി ഉപയോഗിച്ച പരീക്ഷണമാണ് ഏറ്റവും നല്ല ഫലം നല്‍കിയത്.
ഒരു കൊച്ച് വിഷയമായ ഈ പരീക്ഷണത്തില്‍ താത്പര്യം കാണിച്ച് മണിസാറിനു വിശ്വേട്ടനും നന്ദി പറയുന്നു.

Thursday, December 24, 2009

ഉരുളക്കിഴങ്ങ് ബാറ്ററി

രാഹുല്‍ കടക്കലിന്റെ സോഫ്റ്റ് വെയര്‍ ടിപ്സ് ഇടക്ക് വായിക്കാറുണ്ട്. അക്കൂട്ടത്തിലാണ് കഴിഞ്ഞ ദിവസം ആലില കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാമെന്ന് കണ്ടത്. വായിച്ചു വരുന്ന കൂട്ടത്തില്‍ ഒറ്റ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ജൈവ ബാറ്ററി കൊണ്ട് ഒരു ബള്‍ബു കത്തിച്ചു വച്ചിരിക്കുന്ന ചിത്രവും കൊടുത്തിരിക്കുന്നു. സംഗതി കൊള്ളാമല്ലോ എന്ന് തോന്നി ഇന്ന് ചുമ്മാ ഒരു ശ്രമം നടത്തിയത് പോസ്റ്റുന്നു.



ഇത് ഉരുളക്കിഴങ്ങ്


ഇലക്ടോഡുകള്‍


ബാറ്ററി തയ്യാര്‍, 851 മില്ലി വോള്‍ട്ട് വൈദ്യുതി കിട്ടി.

എല്‍.ഇ.ഡി കണക്റ്റ് ചെയ്ത് കരണ്ട് അളന്ന് നോക്കി, 200 മൈക്രോ ആമ്പിയര്‍ ആണ് എന്റെ മീറ്ററിലെ ഏറ്റവും കുറഞ്ഞ റേഞ്ച്, പക്ഷെ അതില്‍ 0.00 എന്നാണ് കിട്ടിയത്. ബള്‍ബ് കത്തിയില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് കരണ്ട്, ഈ ബാറ്ററിക്ക് നല്‍കാനാവുന്ന പരമാവധി കരണ്ട് 219 മൈക്രോ ആമ്പിയര്‍.

Tuesday, December 22, 2009

താപ സംവേദിനി

കഴിഞ്ഞൊരു പോസ്റ്റില്‍ ഫാം ഓട്ടോമേഷന്‍ എന്നൊരു പ്രൊജക്റ്റിനെപ്പറ്റി സൂചിപ്പിച്ചിരുന്നല്ലോ. പ്രധാനമായും ടെമ്പറേച്ച സെന്‍സര്‍ വച്ച് തുടങ്ങിയ വര്‍ക്ക് അവസാനം ആറോളം കൊച്ചു കൊച്ചു സര്‍ക്യൂട്ടുകളുടെ ഒരു സമാഹാരമായി മാറുകയായിരുന്നു.

ചിത്രം നോക്കുക.ഇടവിട്ട് ഓരോ സര്‍ക്യൂട്ടുകളായി പോസ്റ്റ് ചെയ്യാം.


വിവിധ സെന്‍സറുകള്‍.

ഈ പ്രൊജക്റ്റിന്റെ അടിസ്ഥാനമായി ആരംഭിച്ചത് ടെമ്പറേച്ചര്‍ സെന്‍സര്‍ ആണെന്ന് പറഞ്ഞുവല്ലോ. LM 35 എന്ന ഐസിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചത്. പ്രീകാലിബറേറ്റഡ് എന്നു പറയാവുന്ന് ഈ ഐസി ഒരു ഡിഗ്രീ സെത്ഷ്യസ് താപ വ്യതിയാനത്തിന് 10 മില്ലി വോള്‍ട്ട് ഔട്ട്പുട്ട് വ്യതിയാനം തരുന്നു. മില്ലി വോള്‍ട്ട് അളക്കാവുന്ന ഒരു മള്‍ട്ടീ മീറ്റര്‍ ഉപയോഗിച്ചാല്‍ സെത്ഷ്യസിലുള്ള ഊഷ്മാവ് അളക്കാന്‍ മറ്റ് സര്‍ക്യൂട്ടുകള്‍ ഒന്നും ആവശ്യമില്ല. എന്നിരുന്നാലും CA 3031 എന്ന ഐസി ഉപയോഗിച്ചാണ് കട്ട് ഓഫ് ടെമ്പറേച്ചര്‍ ഫിക്സ് ചെയ്തത്. വിശദമായ സര്‍ക്യൂട്ട് ആവശ്യമില്ലെന്ന ധാരണയില്‍ മള്‍ട്ടീമീറ്റര്‍ ഉപയോഗിച്ചുള്ള ഡെമോ താഴെക്കൊടുക്കുന്നു.


ചിത്രം നോക്കുക. പോസിറ്റീവ്, നെഗറ്റീവ്, ഔട്ട് പുട്ട് ഇങ്ങനെ മൂന്നു പിന്നാണ് ഈ ഐസിക്ക് ഉള്ളത്. സര്‍ക്യൂട്ടില്‍ ഉപയോഗിച്ചിരിക്കുന്ന R1 , 180000 ഓംസ് ആണ്. ഒരു 9 വോള്‍ട്ട് ബാറ്ററിയില്‍ നിന്നും ഐസി ചാര്‍ജ് ചെയ്തശേഷം മള്‍ട്ടീമീറ്റര്‍ ഉപയോഗിച്ച് ഔട്ട്പുട്ട് കരണ്ട് അളക്കുക. ചുവന്ന വയര്‍ ഔട്ടൌട്ട് പിന്നിലും, കറുപ്പ് നെഗറ്റീവ് പിന്നിലും. മള്‍ട്ടീമീറ്റര്‍ 2000 മില്ലി വോള്‍ട്ട് ഓപ്ഷനില്‍ സെറ്റ് ചെയ്ത് പരിസോധിക്കൂ, താപ നില കാണാം.


മുറിയുടെ തറയില്‍ വച്ച് എടുത്ത ഒരു ചിത്രമാണ് കാണുന്നത്. റീഡിങ് 318, അതായത് ഒരു ഡിഗിക്ക് 10 മില്ലി വച്ച് കണക്കാക്കിയാല്‍ അന്തരീക്ഷ താപനില 31.8 ഡിഗ്രീ സെല്‍ഷ്യസ്.


ഇത് ഫ്രിഡ്ജിനുള്ളിലെ താപനില അളന്നത്, ഒരു ഐസ് കട്ടക്കകത്ത് ഐ.സി സ്ഥാപിച്ചത്. ഇവിടെ താപനില 1.3 എന്ന് കാണിക്കുന്നു, ഇത് എററാവാനാണ് സാദ്ധ്യത, കാരണം സിങ്കിള്‍ പവര്‍ സപ്ലേ ആണ് ഉപയോഗിച്ചത്.

ഫാരന്‍ ഹീറ്റ് അളവിലുള്ള മീറ്ററാണ് ആവശ്യമെങ്കില്‍ LM34 ഐസി ഉപയോഗിക്കുക.

ബാക്കി സര്‍ക്യൂട്ടുകളുമായി പിന്നീട് വരാം.

Saturday, December 19, 2009

ലൈന്‍ ഫ്രീക്വന്‍സി മീറ്റര്‍

ഇടക്കിടെ നിര്‍മ്മിക്കേണ്ടി വരാറുള്ള ഒന്നാണ് ഇന്‍വേര്‍ട്ടറുകള്‍. അപൂര്‍വ്വമായി ജനറേറ്ററുകളും അഴിച്ചു പണിയേണ്ടി വരും. ഇത്തരം ജോലികള്‍ക്ക് അവശ്യം വേണ്ട ഉപകരണമാണ് ഫ്രീക്വന്‍സി മീറ്റര്‍,കയ്യിലുണ്ടായിരുന്ന ഒരെണ്ണം ചീത്തയായി. 50 -60 Hz പരിധിയില്‍ വരത്തക്കവണ്ണം ഫീക്വസി അഡ്ജസ്റ്റ് ചെയ്യാന്‍ മാര്‍ഗ്ഗമന്വേഷിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് ഗൂഗിളില്‍ സേര്‍ച്ചിയത്, സേര്‍ച്ചി എത്തിപ്പെട്ടത് ഈ സൈറ്റിലാണ്. അവിടെ നിന്നും ഡൌണ്‍ലോഡിയ ട്യൂണര്‍ 12.exe ഉപയോഗിച്ച് വളരെ ലളിതമായി ഫ്രീക്വസി കാണാനാവും.

230 വോള്‍ട്ടില്‍ നിന്നും ആറുവോള്‍ട്ടിലേക്ക് സ്റ്റെപ്പ് ഡൌണ്‍ ചെയ്യുന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍, സെക്കണ്ടറിയില്‍ ലൈന്‍ കരണ്ട് അഡ്ജസ്റ്റ് ചെയാന്‍ ഒരു സീരീസ് റസിസ്റ്റന്‍സ് ഇവ ഘടിപ്പിച്ചശേഷം കമ്പ്യൂട്ടറിന്റെ ലൈന്‍ ഇന്‍ സോക്കറ്റിലേക്ക് ഇതു കുത്തുക. ഫ്രീക്വന്‍സി കണ്ടു പിടിക്കേണ്ട ഉപകരണത്തില്‍ നിന്നും (ഇന്വേര്‍ട്ടര്‍) ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജുചെയ്താല്‍ പി.സി സ്പീക്കറില്‍ 50 hz മൂളല്‍ കേള്‍ക്കാവുന്നതാണ്. ഈ സമയം ട്യൂണര്‍12 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലൈന്‍ ഫ്രീക്വന്‍സി കൃത്യമായി കാണാം.

ഉപയോഗിച്ച സാധനങ്ങള്‍ ദേ...

പുറമേനിന്നുള്ള പള്‍സുകള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്താലുണ്ടാവാവുന്ന റിസ്ക് പരിഗണിച്ച് മറ്റൊരു ഓപ്ഷനുംകൂടി പരീക്ഷിക്കപ്പെട്ടു. ആറുവോള്‍ട്ട് സ്റ്റെപ്പ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍ ഒരു ചെറിയ സൌണ്ട് ബോക്സിലേക്ക് 10 മൈക്രോഫാരഡ് കണ്ടന്‍സര്‍ ശ്രേണിയായ് ബന്ധിപ്പിക്കുക. ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്ന മുറക്ക് സൌണ്ട് ബോക്സ് മൂളാനാരംഭിക്കും. ഇതിനു വളരെ അടുത്തായ് പി.സി മൈക്രോഫോണ്‍ സ്ഥാപിച്ചാല്‍ സുരക്ഷിതമായി ഫ്രീക്വസി കാണാവുന്നതാണ്.


പി.സി മൈക്രോഫോണ്‍ ഉപയോഗിച്ച് ഫ്രീക്വന്‍സി അളന്നപ്പോള്‍


നേരിട്ട് ലൈന്‍ ഇന്‍ പിന്നില്‍ ഘടിപ്പിച്ച് ഫ്രീക്വസി അളന്നപ്പോള്‍. സീരീസ് കപ്പാസിറ്റര്‍, റസിസ്റ്റര്‍ എന്നിവ മൂലമാവണം വേവ് ഫോം സൈന്‍ വേവായല്ല കാണുന്നത്.

Friday, December 18, 2009

കന്നുകാലി ഫാം ഓട്ടോമേഷന്‍

2005ഇല്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് , പോണ്ടിച്ചേരിയില്‍ നടന്ന സോണല്‍ പ്രദര്‍ശനത്തില്‍ വരെ എത്തിയ ആധുനിക കന്നുകാലി തോഴുത്ത്.

പാലക്കാട് ജില്ലയിലെ മേഴത്തൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പോയ ടീമിനെക്കുറിച്ച് ബാലഭൂമിയില്‍ വന്ന കുറിപ്പ്.

NE555 ഐസിയും LM 35 Temp Senseor Ic ഉപയോഗപ്പെടുത്തി ഈ ലാബില്‍ ഉണ്ടാക്കിയ ചില സര്‍ക്യൂട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോജക്റ്റ് കുട്ടികള്‍ നിര്‍മ്മിച്ചത്. വിശദമായ സര്‍ക്യൂട്ടുകള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യാം.

Thursday, December 17, 2009

വ്യായാമത്തോടൊപ്പം ഊര്‍ജ്ജോത്പാദനവും

കേരളീയ സമൂഹത്തില്‍, സ്വാഭാവിക ശരീര വ്യായാമം എന്നത് അപ്രത്യക്ഷമായിരിക്കുന്നു. നൂറുമീറ്റര്‍ ദൂരം നടന്നുപോകുവാന്‍ പോലും ആരും തയ്യാറാവുന്നില്ല. സൈക്കിള്‍ സവാരിയാകട്ടെ , ഒരു മൂന്നാം കിട യാത്രാ സംവിധാനമായോ കുട്ടികളുടെ കളിക്കോപ്പായോ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

ഭക്ഷണ ക്രമത്തിലുള്ള വ്യതിയാനവും വ്യായാമത്തിന്റെ അഭാവവും നമ്മളില്‍ ഭൂരിപക്ഷത്തിനേയും വിവിധ രോഗങ്ങളിലേക്കു തള്ളി വിട്ടിരിക്കുന്നു. രാവിലെയും വൈകുന്നേരവും ഒരോ മണിക്കൂര്‍ നടത്തം എന്നുള്ളത് , ഇന്നു ഒരു ചികിത്സാവിധിയാണ്. ഈ സാഹചര്യത്തില്‍ വ്യയാമം ചെയ്യുക വഴി നാം ചിലവഴിക്കുന്ന ഊര്‍ജ്ജവും മറ്റൊരു വിധത്തില്‍ പറഞ്ഞാ‍ല്‍ ഭക്ഷ്യവസ്തുക്കളും, ഉത്പാദനപരമായ രീതിയില്‍ വിനിയോഗിക്കാനുള്ള നിരവധി തന്ത്രങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവയിലൊന്നാണ് പെഡല്‍ ജെനറേറ്റര്‍.

ഒരു കിലോമീറ്റര്‍ നടക്കുവാനായി നാം ചിലവഴിക്കുന്ന ഊര്‍ജ്ജം അഞ്ചു കിലോമീറ്റര്‍ മിതമായ സൈക്കള്‍ സവാരിക്കു മതിയാകുന്നതാണ്. ഇതാവട്ടെ 20 മിനിറ്റ് സൈക്കിളിംഗിലൂടെ ലഭ്യമാക്കാവുന്നതാണ്. ഒരു സൈക്കിള്‍ എപ്രകാരം വൈദ്യുത ഉത്പാദനത്തിന് ഉപയോഗിക്കാം എന്നതിന്റെ രേഖാചിത്രമാണ് ഇവിടെ കാണുന്നത്. ചിത്രം ശ്രദ്ധിക്കുക, എപ്രകാരമാണ് പിന്‍ചക്രങ്ങള്‍ ഡയനോമോയുമായി ഇണക്കിയിരിക്കുന്നതെന്നു കാണാം. ഇതിന്റെ ഒരു പ്രായോഗിക ട്രയലാണ് ഈ പൊസ്റ്റ്.

1.സൈക്കിള്‍:

മോളുടെ കുഞ്ഞു സൈക്കിള്‍ , മൃതപ്രായമായി പോര്‍ച്ചില്‍ കിടന്നത് , ഗ്രീസും മറ്റും പ്രയോഗിച്ചു പ്രവര്‍ത്തന ക്ഷമമാക്കി. സീറ്റിന്റേയും ഹാന്‍ഡിലിന്റേയും ഉയരം ഓരോ അടി വീതം വര്‍ദ്ധിപ്പിച്ചു. പെഡലിന്റെ സ്പ്രോക്കറ്റ് മാറ്റി 3 : 1 അനുപാദത്തിലാക്കി.

2. ഡയനാമോ:

മാരുതി കാറിന്റെ ആള്‍ട്ടര്‍നേറ്ററാണ് ഡയനാമോ ആയി തിരഞ്ഞെടുത്തത്. സമീപ ആക്രിക്കടയില്‍ നിന്നും ഒരെണ്ണം സംഘടിപ്പിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 13 - 14.5 വോള്‍ട്ട് നല്‍കുന്ന ഇത് 50 ആമ്പിയര്‍ കരണ്ട് നല്‍കാന്‍ ശേഷിയുള്ളതാണ്.
ചില പുനക്രമീകരണങ്ങള്‍ :-
50 ആമ്പിയര്‍ കര‍ണ്ട് എന്നത് , 6000 ആര്‍.പി.എമ്മില്‍ മാത്രം ലഭിക്കുന്ന തീവ്രതയാണ്, ഒരു പെഡല്‍ സൈക്കിളില്‍ പ്രയോഗികമായി സാദ്ധ്യതയില്ലാത്തതും ,ആവശ്യമില്ലാത്തതുമായ ഒന്നാണാ മൂല്യം.

മാത്രവുമല്ല 12 വോള്‍ട്ട് ലഭ്യമാവാന്‍ ചുരുങ്ങിയത് 1200 ആര്‍.പി.എം വേഗതയെങ്കിലും വേണം. അതിനാല്‍ ഫീല്‍ഡ് വൈന്‍ഡിംഗ് അല്പം എണ്ണം കൂട്ടി, വേവ് ഫോമില്‍ റീവൈന്‍ഡിംങ് നടത്തി.
ഇവിടെ വൈദ്യുത തീവ്രത കുറയും, പ്രായോഗികമായി നമ്മെ അതു ബാധിക്കുന്നതല്ല എന്നതിനാല്‍ ശ്രദ്ധ നല്‍കേണ്ടതില്ല. ഇപ്രകാരമുള്ള വ്യത്യാസം 900 ആര്‍.പി.എമില്‍ 12 വോള്‍ട്ട് നല്‍കും.
3.ബെല്‍റ്റ്:

മറ്റഡോര്‍ വാനിനു വന്നിരുന്ന ഡയനാമോ ബെല്‍റ്റ് പാകമായിരുന്നു. വലിയ സൈക്കിളാണെങ്കില്‍ കൂടുതല്‍ വലുപ്പമുള്ള ബെല്‍റ്റ് കണ്ടെത്തെണ്ടി വരും .

4. ബാറ്ററി:

യു.പി.എസ്സിനുപയോഗിക്കുന്ന 7 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോട്ടര്‍ എനര്‍ജൈസ് ചെയ്യാനും വോള്‍ട്ടേജ് ഡാമ്പര്‍ ആയും ഇത് പ്രവര്‍ത്തിക്കും.

5.സ്റ്റാന്റ്:

മുക്കാല്‍ ഇഞ്ച് "L" ഇരുമ്പ് പട്ടയില്‍ 14" x 5.5 ഒരു ഫ്രെയിം. അതില്‍ 10 ഇഞ്ച് ലെവലില്‍ , 10 ഇഞ്ച് ഉയര‍ത്തില്‍ രണ്ടു കാലുകള്‍. അതിന്റെ അറ്റം കൊതവെട്ടിയിരിക്കുന്നു. ആള്‍ട്ടര്‍നേറ്ററിന്റെ അളവിനനുസരിച്ച് മറ്റു ക്ലാമ്പുകളും പിടിപ്പിച്ചു.


പണി പൂര്‍ത്തിയായ ജനറേറ്റര്‍.



സൈക്കിള്‍ വീല്‍ ആള്‍ട്ടര്‍നേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു, സ്റ്റാന്റ് ശ്രദ്ധിക്കുക. അള്‍ട്ടര്‍നേറ്റര്‍ ക്ലാമ്പുകള്‍‍, പ്രത്യേകിച്ച് ടെന്‍ഷനര്‍ കൃത്യ സ്ഥാനത്താവേണ്ടതുണ്ട്.


ഫലങ്ങള്‍:

3:1 അനുപാതത്തിലുള്ള ചെയിനും, 5:1 അനുപാദത്തിലുള്ള ആള്‍ട്ടര്‍നേറ്റര്‍ പുള്ളിയും ചേര്‍ന്ന് ആള്‍ട്ടര്‍നേറ്ററിനു പെഡലിന്റെ 15 ഇരട്ടി വേഗത നല്‍കുന്നു.

60 ആര്‍.പി.എം എന്ന ലഘുവായ പെഡല്‍ സ്പീഡില്‍ 900 അര്‍.പി.എം വേഗത ആള്‍ട്ടര്‍നേറ്ററിനു ലഭിക്കുന്നു.

ലഭ്യമായ വോള്‍ട്ടേജ്: 12.6 വോള്‍ട്ട്.

തീവ്രത : 8.5 ആമ്പിയര്‍.

85 ആര്‍.പി.എം പെഡല്‍ സ്പീഡില്‍ ഏകദേശം 1300 ആര്‍.പി.എം ആല്‍ട്ടര്‍നേറ്റര്‍ സ്പീഡില്‍-

ലഭ്യമായ വോള്‍ട്ടേജ്: 13.8 വോള്‍ട്ട്.

തീവ്രത : 14.6 ആമ്പിയര്‍.

സംഗ്രഹം:

ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നത് ആണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

എല്‍.ഇ.ഡി എമര്‍ജന്‍സി വിളക്ക്

നമ്മുടെ നാട്ടിലെ വൈദ്യുത സംവിധാനം നിമിത്തം, ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് എമര്‍ജസി വിളക്കുകള്‍. സാധാരണ് ട്യൂബ് (7 വാട്ട് ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്കുകള്‍ സര്‍വ്വസാധാരണമായിരുന്നെങ്കില്‍ , സി.എഫ്.എല്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവയുടെ വരവോടെ ഇവ അപ്രത്യക്ഷമാവാനാരംഭിച്ചു. ഫലത്തില്‍ ഒരു ഇ.വേസ്റ്റ്. ഇവയെ ഫലപ്രദമായി പുനരുപയോഗം ചെയ്യാന്‍ ഒരു ചെറു പ്രോജക്റ്റ് ഇതാ.



പഴയ എമര്‍ജസി വിളക്കുകള്‍ അഴിച്ച്, വിവിധ ഘടകങ്ങളാക്കുക എന്നതാണ് ഒന്നാമത്തെ ഘട്ടം.

6/7 വാട്ട് ട്യൂബുകള്‍ ശ്രദ്ധിക്കുക








കേയ്സ് - ഇതില്‍ മാറ്റമൊന്നും വരില്ല.








ഇതാണ് പ്രധാന ബോര്‍ഡ്. അടയാളപ്പെടുത്തിയിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍, റസോണന്‍സ് / സ്റ്റാര്‍ട്ടിംഗ് കപ്പാസിറ്റര്‍ എന്നിവ ഊരിമാറ്റുക. ഓസിലേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന രണ്ടു ട്രാന്‍സിസ്റ്ററുകളും (2SD 882) സ്വിച്ചായാണ് ഇനിപ്രവര്‍ത്തിക്കുക.

ഇവ സമാന്തരമായി വയര്‍ ചെയ്യുകയാണ് അടുത്ത ജോലി. രണ്ടു ട്രാന്‍സിസ്റ്ററുകളുടേയും ബേസുകള്‍ തമ്മിലും, കളക്റ്ററുകള്‍ തമ്മിലും യോജിപ്പിക്കുക. ഒരെണ്ണം ഊരിമാറ്റിയാലും മതിയാവുന്നതാണ്, എങ്കിലും നിലവിലുള്ള ഘടകങ്ങള്‍ ഉപേക്ഷിക്കാതെ , കൂടുതല്‍ ആയുസ്സ് പ്രതീക്ഷിച്ചു ചെയ്യുന്നതാണിത്.

ട്യൂബ് ഫിറ്റ് ചെയ്തിരുന്ന റിഫ്ലകര്‍ ബോഡില്‍ നിന്നും ട്യൂബും ഹോള്‍ഡറും ഊരിമാറ്റുക. 20 എല്‍.ഇ.ഡി.കളാണ് ഉപയോഗിച്ചത് (ഏകദേശം 500 മില്ലി.ആമ്പിയര്‍ കണക്കാക്കി). ആവശ്യാനൂസരണം തുളകള്‍ ഇട്ട് എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉറപ്പിച്ച് എപ്പൊക്സി ഇട്ട് ബലപ്പെടുത്തുക.


രണ്ട് എല്‍.ഇ.ഡി കള്‍ ശ്രേണിയായി ബന്ധിപ്പിക്കവഴി പ്രവര്‍ത്തന വോള്‍ട്ടേജ് 6.1 ആവുന്നു. റസിസ്റ്ററുകള്‍ ഇല്ലാതെ തന്നെ ഇവ ഘടിപ്പിക്കാം എന്നിരുന്നാലും ,ഫുള്‍ ചാര്‍ജ് കണ്ടീഷനില്‍ കരണ്ട് കൂടുതലായേക്കാം എന്ന ഭയത്താല്‍ 4.7 ഓംസ് റസിസ്റ്ററുകള്‍ ലൈനില്‍ ഘടിപ്പിച്ചിരിക്കുന്നു. (വാല്യൂ അഡ്ജസ്റ്റ് ചെയ്തതാണ്, കരണ്ട് അളന്നതിനനുസരിച്ചു).
അനോഡില്‍ നിന്നുമുള്ള വയര്‍ സ്വിച്ചിനു ശേഷമുള്ള പോസിറ്റീവിലും, കാഥോട് ടെര്‍മിനല്‍, യോജിപ്പിക്കപ്പെട്ട കളക്റ്റര്‍ പോയന്റിലും ഘടിപ്പിക്കുക.

ചാര്‍ജര്‍, ഓട്ടോമാറ്റിക് സ്വിച്ചിംഗ്‍ , എന്നീ സര്‍ക്യൂട്ടുകളില്‍ മാറ്റം ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അതേപ്പറ്റി പരാമര്‍ശിക്കുന്നില്ല.

ബാറ്ററി, മറ്റു ഘടകങ്ങള്‍ ഇവ യഥാസ്ഥാനത്ത് ഉറപ്പിക്കുക, കേയ്സ് അടക്കുക, ചാര്‍ജ് ചെയ്യേണ്ടതാണെങ്കില്‍ ചാര്‍ജ് ചെയ്യുക, ഇതാ എല്‍.ഇ.ഡി. എമര്‍ജസി വിളക്ക് റെഡി.

സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ലെന്‍സുള്ള ഇനം വെള്ള എല്‍.ഇ.ഡി.കള്‍ അല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ലെന്‍സില്ലാത്തതരം ബ്രൈറ്റ് എല്‍.ഇ.ഡി ആണ് ഉപയോഗിക്കേണ്ടത്.

ഏറ്റവും ലളിതമായ കണ്വേര്‍ഷനാണിത്. 100 -200 ഹേര്‍ട്സ് ഓസ്സിലേറ്റര്‍ സര്‍ക്യൂട്ട് ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രകാശവും ക്ഷമതയും ലഭിക്കും. സാങ്കേതികമായ വിഷയം എന്ന നിലയില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.

അപ്ഡേറ്റ്:

50 മില്ലി ആമ്പിയറില്‍ രണ്ട് എല്‍.ഇ.ഡി കണക്റ്റ് ചെയ്ത് ആ വെളിച്ചത്തില്‍ എടുത്ത ചിത്രം.