Tuesday, January 26, 2010

ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക

ഇന്‍ഡക്ഷന്‍ കുക്കര്‍ എന്ന ഉപകരണത്തെപറ്റി പതിവുകാഴ്ചകളില്‍ ഒരു പോസ്റ്റിട്ടിരുന്നു. അടുത്തിടെ പ്രചാരം നേടിയ ഒരു ഉപകരണം എന്ന നിലയില്‍ ആ വിഷയത്തില്‍ താത്പര്യമുള്ള ധാരാളം സന്ദര്‍ശകരും ഉണ്ടായിരുന്നു. ബ്ലോഗിനു പുറത്തും പല സുഹൃത്തുക്കളും ഇതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസ്സിലാക്കാന്‍ പറ്റിയ ഒരു പ്രവര്‍ത്തന മാതൃക , 12 വോള്‍ട്ട് ഡി.സി യില്‍ പ്രവര്‍ത്തിക്കുന്നത് ഉണ്ടാക്കിയതിന്റെ വിശദാംശങ്ങള്‍ കാണുക.

ഇത് ഒരു സര്‍വ്വ സാധാരണമായ ഓസിലേറ്റര്‍ സര്‍ക്യൂട്ടാണ്. പുഷ് പുള്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രാന്‍സിസ്റ്ററുകളും ചില ഘടകങ്ങളും ചേര്‍ന്നതാണീ സര്‍ക്യൂട്ട്. ചിത്രം നോക്കിയാല്‍ തന്നെ പ്രവര്‍ത്തനം വ്യക്തമാവുന്നത്ര ലളിതം. ഏകദേശം 20 കിലോ ഹെര്‍ഡില്‍ പ്രവത്തിക്കുന്ന ഓസിലേറ്റര്‍ 15 വോള്‍ട്ട് ഔട്ട്പുട്ടാണ് നല്‍കുന്നത്. ഇതിനു മാച്ച് ചെയ്യുന്ന വിധത്തിലൊരു കോയില്‍ ഘടിപ്പിച്ചാല്‍ ഇതൊരു ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രവര്‍ത്തന മാതൃകയായി.

വളരെ കുറച്ച് ഘടകങ്ങള്‍, ട്രാന്‍സ്ഫോര്‍മര്‍ വൈന്റിങ് വിശദാംശങ്ങള്‍ ചിത്രത്തില്‍ തന്നെ കാണാം. ഇമ്പടന്‍സ് മാച്ചിങിനും കോയിലിന്റെ റസൊണന്‍സിനുമായി കപ്പാസിറ്ററുകള്‍ ഉപയോഗിച്ചിരിക്കുന്നു.

ഘടകങ്ങള്‍:
1. ട്രാന്‍സിസ്റ്റര്‍ : 2N 3055 - 2
2. ബയാസ് റസിസ്റ്റര്‍ : 470 ഓംസ് 1/2 വാട്ട് - 1(സര്‍ക്യൂട്ടില്‍ ഇത് 120 എന്ന് കാണിച്ചിട്ടുണ്ട്)
3. ഇലക്രോലിറ്റിക് കപ്പാസിറ്റര്‍ : 2200 MFD 250 V - 1
4.ട്രാന്‍സ്ഫോര്‍മര്‍ : 10 mm X 14 mm കോര്‍ ഏരിയയും‍ 20 mm നീളവുമുള്ള E - I ഫെറൈറ്റ് കോര്‍. (എസ്.എം.പി എസ് സ്ക്രാപ്പില്‍ നിന്നുള്ളതാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്)
5. ഇമ്പടന്‍സ് മാച്ചിങ് കപ്പാസിറ്റര്‍: 0.47 mfd 100 V -1
6. റസോണന്‍സ് കപ്പാസിറ്റര്‍ : 0.22 mfd 100 V - 1
7. 3055 നുള്ള ഹീറ്റ് സിങ്ക് : 1

നിര്‍മ്മാണം:
ഒരു ജനറല്‍ പര്‍പ്പസ് ബോര്‍ഡില്‍ നിര്‍മ്മിക്കാവുന്ന ഘടങ്ങള്‍ മാത്രമേ ഇതിലുള്ളൂ. പ്രധാന ഘടകമായ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മിക്കാന്‍, നിര്‍ദ്ദിഷ്ട അളവിലുള്ള ബോബിനില്‍ 23 ഗേജ് കമ്പി 14 ചുറ്റുകള്‍ , ഏഴാമത്തെ ചുറ്റ് ടാപ്പ് ചെയ്തത് ആവശ്യമാണ്. ഫീഡ് ബാക്ക് ചുറ്റ് ഇടുമ്പോള്‍ ശ്രദ്ധിക്കണ്ട സംഗതി എന്തെന്നാല്‍ പ്രൈമറി ചുറ്റുകള്‍ക്ക് എതിര്‍ ദിശയില്‍ വേണം ചുറ്റുകള്‍ വരേണ്ടത്, 28 ഗേജ് 3 ചുറ്റുകളാണ് ഫീഡ് ബാക്ക്. ഓരോ ഘട്ടവും പൂര്‍ത്തിയാവുന്ന മുറക്ക് ഇന്‍സുലേഷന്‍ ചുറ്റി വേണം അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടത്. സെക്കന്ററി വൈന്‍ഡിങിന് ദിശ പ്രസക്തമല്ല, 22 ഗേജ് കമ്പി 8 ചുറ്റുകള്‍.


ഇത് കോയില്‍. 28 ഗേജ് കമ്പി അഞ്ച് എണ്ണം പാരലലായി 8 ചുറ്റ്, വ്യാസം 15 സെ.മീ. കാന്തിക ഫ്ലക്സ് കേന്ദ്രീകരിക്കാനായി രണ്ട് ഫെറൈറ്റ് കോറുകള്‍ വച്ചിരിക്കുന്നു, ട്രാന്‍സ്ഫോര്‍മറിനുള്ള അതേ കോര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.ഇത് ബോര്‍ഡ്, ട്രാന്‍സിസ്റ്റര്‍ ഹീറ്റ് സിങ്കില്‍ മൌണ്ട് ചെയ്തത് കാണാം, അത്ര കാര്യമായി ചൂടാവുന്നതായി കണ്ടില്ല.പണി പൂര്‍ത്തിയായി ഭംഗിയായ് മൌണ്ട് ചെയ്തിരിക്കുന്ന മോഡല്‍.

ടെസ്റ്റിങ്:
എല്ലാ ഘടങ്ങളും ഇണക്കിക്കഴിഞ്ഞാല്‍ ഓസിലേറ്റര്‍ പ്രവത്തിക്കാനാരംഭിക്കേണ്ടതാണ്. സെക്കന്ററിയില്‍ മള്‍ട്ടീ മീറ്റര്‍ വച്ച് വോള്‍ട്ടേജ് അളക്കാവുന്നതാണ്. ലോഡില്ലാത്ത അവസ്ഥയില്‍ 50 വോള്‍ട്ട് വരെ മള്‍ട്ടീമീറ്റര്‍ രേഖപ്പെടുത്തിയേക്കാം. ഹീറ്റര്‍ ആയി ഉപയോഗിക്കുന്ന കമ്പിച്ചുറ്റ് ഘടിപ്പിച്ചാല്‍ ഇത് 15 വോള്‍ട്ടിലേക്ക് താഴും. തുടര്‍ന്ന് ഉപകരണം എത്ര കരണ്ട് എടുക്കുന്നു എന്ന് അളക്കുക, ലോഡില്ലാതെ പരമാവധി 150 മുതല്‍ 200 മില്ലി ആമ്പിയര്‍ വരെ കരണ്ട് എടുക്കുന്നതായാണ് കണ്ടത്, അതില്‍ കൂടുതല്‍ വരികയാണെങ്കില്‍ ബയാസ് റസിസ്റ്റര്‍ കൂട്ടി പരീക്ഷണം ആവര്‍ത്തിക്കുക.
ഒരു ചെറിയ സ്റ്റീല്‍ പാത്രം, കോയിലിനും മുകളില്‍ വച്ച് പവര്‍ കൊടുത്താല്‍ പാത്രം ചൂടാവുന്നത് കാണാം.
വീണ്ടും കരണ്ട് അളക്കുക, ഇത് 1.00 മുതല്‍ 1.2ആമ്പിയര്‍ വരെ വരാം, വന്നില്ലെങ്കില്‍ ബയാസ് റസിസ്റ്റര്‍ കുറച്ചു നോക്കുക.ഇപ്രകാരം ടെസ്റ്റ് ചെയ്താണ് ഇവിടെ 470 ഓംസ് എന്ന് എത്തിച്ചേര്‍ന്നത്. സ്റ്റീലിനു പകരം അലൂമിനിയം ഉപയോഗിക്കുകയോ, പ്രവര്‍ത്തിക്കുന്ന കോയിലിനു മുകളില്‍ കൈ വച്ച് നോക്കുകയോ ചെയ്താല്‍ ചൂടാവുകയുമില്ല. സ്കൂള്‍ തലത്തിലും മറ്റും ഇന്‍ഡക്ഷന്‍ ഹീറ്റിങിനെ പറ്റി പഠിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.

കുറിപ്പ്:
വെറും 1.2 ആമ്പിയര്‍ കരണ്ട് എടുക്കുന്ന ഈ ഉപകരണം ഒരു പ്രവര്‍ത്തന മാതൃക മാത്രമാണ്, വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാനാവില്ല.

Friday, January 22, 2010

12 V ലാപ് ടോപ് ചാര്‍ജര്‍

കമ്പ്യൂട്ടര്‍ പവര്‍ സപ്ലേ പുനരുപയോഗം ചെയ്യുന്ന പ്രോജക്റ്റുകള്‍ തുടരുകയാണ്.
പവര്‍ സപ്ലേയെക്കുറിച്ച് ഒരു ലഘു സൂചന ഈ പോസ്റ്റില്‍ നല്‍കിയിരുന്നത് ഓര്‍മ്മിക്കുമല്ലോ. Tl 494 ഐ.സി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഒരു പള്‍സ് വിഡ്ത് മോഡുലേറ്ററും, അതുപയോഗിച്ച് ഡ്രൈവ് ചെയ്യപ്പെടുന്ന ഒരു ഫെറൈറ്റ് കോര്‍ ട്രാന്‍സ്ഫോര്‍മറുമാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഇതിനു സമാനമായ ഘടകങ്ങള്‍ തന്നെയാണ് ഏതൊരു ഡിസി റ്റു ഡിസി ഇന്‍വേര്‍ട്ടറുകളിലും ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ പവര്‍സപ്ലേ യില്‍ നിന്നും ശേഖരിച്ച ചില ഘടകങ്ങളും , ഏതാനും പുറം ഘടകങ്ങളും ഉപയോഗിച്ച് 18 മുതല്‍ 35 വോള്‍ട്ട് വരെ നല്‍കാന്‍ ശേഷിയുള്ള പവര്‍ സപ്ലേ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്യൂട്ട് താഴെക്കൊടുക്കുന്നു. ഒറിജിനല്‍ ലിങ്ക് ഇവിടെ. പണി പൂര്‍ത്തീകരിച്ച ഒരു ബോ‍ര്‍ഡ് പവര്‍ സപ്ലേ കേസില്‍ തന്നെ വച്ചിരിക്കുന്നതിന്റെ ചിത്രമാണ് ഇടതു വശത്തുകാണുന്നത്.


ഒരു ഡുവല്‍ പവര്‍ സപ്ലേ സര്‍ക്യൂട്ടാണത്.അതിലെ + മാത്രം നമുക്ക് ആവശ്യം വരുന്നുള്ളൂ, അതിനനുസരിച്ച് സര്ക്യൂട്ട് മാറ്റിയത് കാണുക. ഹൈ ഫ്രീക്വന്‍സി റിപ്പിള്‍സ് ഒഴിവാക്കാന്‍ ഒരു ഇന്‍ഡക്റ്ററും ഉപയോഗിച്ചിരിക്കുന്നു.35 വോള്‍ട്ട് ഡുവല്‍ പവര്‍ സപ്ലേ ആയി വരക്കപ്പെട്ടിരിക്കുന്ന ഈ സര്‍ക്യൂട്ടില്‍ വരുത്തിയ പ്രധാന മാറ്റം പിന്‍ നമ്പര്‍ 1 ലേക്കുള്ള ഫീഡ് ബാക്കിലാണ്. ഈ ഫീഡ് ബാക്ക് വ്യത്യാസപ്പെടുത്തി ഔട്ട്പുട്ട് വോള്‍ട്ടേജ് വ്യത്യാസം വരുത്താവുന്നതാണ്. ഒപ്പം P1 എന്നു മാര്‍ക്ക് ചെയ്ത പ്രീസെറ്റും.

നിര്‍മ്മാണം:
ഔട്ട്പുട്ട് ട്രാന്‍സിസ്റ്റര്‍ കത്തിപ്പോയ കമ്പ്യൂട്ടര്‍ എസ്.എം.പി എസ് ഒരെണ്ണം തപ്പിയെടുക്കയായിരുന്നു ആദ്യ ഘട്ടം. കാരണം, കാര്യമായ ഘടകങ്ങളൊന്നും നഷ്ടപ്പെടുത്തേണ്ടി വരുന്നതേ ഇല്ല എന്നതു തന്നെ. പ്രസ്തുത ബോര്‍ഡില്‍ നിന്നും 494 ഐസി ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഡീസോള്‍ഡര്‍ ചെയ്തെടുക്കുക എന്നതാണ് അടുത്ത ഘട്ടം. ഈ ബോര്‍ഡിലെ ഓസിലേറ്റര്‍ ഭാഗം ഏതാണ്ട് അതേപോലെ തന്നെ നമുക്ക് ഉപയോഗിക്കാനാവും. സര്‍ക്യൂട്ടില്‍ കാണിച്ചിരിക്കുന്ന വിധത്തില്‍ ഓസിലേറ്റര്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം മുതല്‍ ചെറിയ തോതിലുള്ള വ്യത്യാസങ്ങള്‍ വരുത്തി മാത്രമേ മുന്നോട്ട് നീങ്ങാനാവുകയുള്ളൂ. ഇതിനായി ട്രാന്‍സ്ഫോര്‍മറും റെക്റ്റിഫയര്‍ ഡയോഡുകളുമായുള്ള ട്രാക്കുകള്‍ എല്ലാം തന്നെ മുറിക്കുക എന്നുള്ളതാണ് പ്രധാനം.

ഡയോഡ് ഘടിപ്പിച്ചിരുന്ന സ്ഥാനത്താണ് പവര്‍ മോസ്ഫെറ്റ് സര്‍ക്യൂട്ടിന്റെ ഒരു പകുതി‍ വരുനത്. രണ്ടാം പകുതി,‍ ബോര്‍ഡിലെ ഒറിജിനല്‍ ഡ്രൈവര്‍ മോസ്ഫെറ്റിറ്റെ സ്ഥാനത്തും ഘടിപ്പിക്കാവുന്നതാണ്.

പവര്‍ സപ്ലേ ബോര്‍ഡില്‍ ഓസിലേറ്റര്‍ ഐസിയുടെ ഔട്ട്പുട്ട് C935 എന്ന എന്‍.പി.എന്‍ ട്രാന്‍സിസ്റ്ററാണ് ട്രാന്‍സ്ഫോര്‍മറിനെ ഡ്രൈവ് ചെയ്യിക്കുന്നത്. ഇവിടെ നമുക്ക് സര്‍ക്യൂട്ടിലെ ചെറിയൊരു മാറ്റം വരുത്തുകയും, ഐസിക്കുള്ളിലെ ഔട്ട്പുട്ട് ട്രാന്‍സിസ്റ്റര്‍ കോമണ്‍ എമിറ്റര്‍ ആയി വയര്‍ ചെയ്തിരിക്കുന്ന ട്രാക്കുകള്‍ മാറ്റി എമിറ്റര്‍ ഫോളോവറാക്കുകയും ചെയ്യേണ്ടതുണ്ട്. പിന്‍ നമ്പര്‍ 9,10 എന്നിവ ഗ്രൌണ്ട് ചെയ്തിട്ടുള്ളത്, കട്ട് ചെയ്ത് മാറ്റണം. കൂടാതെ BC157 പി എന്‍ പി ട്രാസ്ന്‍സിസ്റ്റര്‍ ഉപയോഗിക്കാനായി വേണ്ട മാറ്റവും വരുത്തേണ്ടതുണ്ട്. അല്പം ക്ഷമയോടെ ചെയ്യേണ്ട ജോലികളാണിത്.ട്രാന്‍സ്ഫോര്‍മറിന്റെ 12 വോള്‍ട്ട് സെക്ഷന്‍ പ്രൈമറി ആയി ഉപയോഗിക്കുവാനാണ് നാം ഉദ്ദേശിക്കുന്നത്. സെന്റര്‍ ടാപ്പില്‍ വയര്‍ ചെയ്തെടുത്ത ഒറിജിനല്‍ പ്രൈമറി അതോടെ സെക്കന്ററിയാവുകയും ചെയ്യും. സാധാരണ ഗതിയില്‍ സെന്റര്‍ ടാപ്പ് ഉണ്ടാവില്ല. എന്നാല്‍ മുറിച്ചു മാറ്റിയ ഒരു പിന്നില്‍ സോള്‍ഡര്‍ ചെയ്യപ്പെട്ട രീതിയില്‍ ഒരു ജോയന്റ് കാണാനാവുന്നതാണ്. ചുറ്റുകളുടെ അകത്തും പുറത്തുമായി വരുന്ന രണ്ട് സെറ്റ് വൈന്‍ഡിങുകളുടെ ജോയന്റാണത്. അവിടെ‍ നിന്നും വയര്‍ ഉപയോഗിച്ച് സെന്റര്‍ ടാപ്പ് ചെയ്യാം. പവര്‍ മോസ്ഫെറ്റുകള്‍, സാധാരണമായി ഉപയോഗിക്കുന്ന IRFZ 44 ആണ് ഉപയോഗിച്ചിരിക്കുന്നത്. കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടില്ലെങ്കിലും ഭാരം കുറഞ്ഞ ചെറിയ അലുമിനിയം ഹീറ്റ് സിങ്കിനെ തണുപ്പിക്കാന്‍ ഫാന്‍ ഉപയോഗിക്കേണ്ടി വന്നു. ഡാറ്റാഷീറ്റ പ്രകാരമുള്ള ഹീറ്റ് സിങ്ക് ഉപയോഗിക്കുന്ന പക്ഷം ഫാന്‍ ആവശ്യമുണ്ടാവില്ല.
എസ്.എം.പി എസില്‍ നിന്നും തന്നെ ഊരിയെടുത്ത സ്കോട്ട്കീ ഡയോഡുകള്‍ തന്നെയാണ് ഇവിടെയും റക്റ്റിഫയറുകളായി ഉപയോഗിക്കുക
.ഇത് പണി പൂര്‍ത്തിയായ ബോര്‍ഡ്.


പണി പൂര്‍ത്തിയായ ബോര്‍ഡിന്റെ അടിഭാഗം. ഏതാനും ചില വയറുകള്‍ കൂടുതലായി ഘടിപ്പിക്കേണ്ടി വന്നിട്ടുണ്ട്


വോള്‍ട്ടേജ് ടെസ്റ്റ് , 24 വോള്‍ട്ട് സെറ്റ് ചെയ്ത് , 12 വോള്‍ട്ട് 25 വാട്ട്സ് രണ്ട് ഓട്ടോമൊബൈല്‍ ബള്‍ബ് സീരീസ് ചെയ്തത് ലോഡായി ഉപയോഗിച്ചു. വോള്‍ട്ടേജ് ഡ്രോപ്പ് വന്നിട്ടുണ്ട്, ഫീഡ് ബാക്ക് അഡ്ജസ്റ്റ് ചെയ്റ്റ് അത് ശരിയാക്കാനാവും


1.48 ആമ്പിയര്‍ ലോഡ് എടുക്കുന്നുണ്ട്.

കുറിപ്പ്:
ഒരു ജനറല്‍ പര്‍പ്പസ് പിസിബിയില്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും പവര്‍ സപ്കേ ബോര്‍ഡ് തന്നെ ഉപയോഗിച്ച് ചെയ്യണമെന്ന് നിര്‍ബന്ധ ബുദ്ധിയാല്‍ അതേ ബോര്‍ഡ് തന്നെ ഉപയോഗിക്കുകയാണുണ്ടായത്. ടാക്കുകളില്‍ ചെറുതല്ലാ‍ത്ത കൈവേലകള്‍ ചെയ്യേണ്ടതുണ്ടെങ്കിലും കൂടുതല്‍ സൌകര്യപ്രദം ഈ മാര്‍ഗ്ഗം തന്നെയാണ്. ഈ സര്‍ക്യൂട്ടില്‍ തന്നെ ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍ പോലെയുള്ള സംരക്ഷണങ്ങള്‍ ഇല്ല.
കാറില്‍ ആവശ്യമായി വരുന്ന ഏതു ഉപയോഗത്തിനിണങ്ങുന്ന വിധത്തിലും ഈ സര്‍ക്യൂട്ട് മോഡിഫൈ ചെയ്യാവുന്നതാണ്.

Friday, January 8, 2010

എല്‍.ഇ.ഡി വിളക്ക്

വീട്ടാവശ്യത്തിനായി ഒരു എല്‍.ഇ.ഡി വിളക്ക് നിര്‍മ്മിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ പോസ്റ്റുന്നു.
230 വോള്‍ട്ട് ലൈന്‍ കരണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്നവിധം രൂപകല്‍പ്പന ചെയ്യാമെന്ന ധാരണയിലാണ് ശ്രമം ആരംഭിച്ചത്. എല്‍.ഇ.ഡിയെപ്പറ്റി മുമ്പിട്ടൊരുപോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ചിലവ് കുറഞ്ഞ രീതിയില്‍ ഇവ നിര്‍മ്മിക്കുന്നതിനെപ്പറ്റിയും ഉപയോഗിക്കാവുന്ന സര്‍ക്യൂട്ടുകളെപ്പറ്റിയും ഗൌരവമായി തന്നെ ചര്‍ച്ച നടന്നിരുന്നു. അതില്‍ വന്ന നിദ്ദേശങ്ങളും ഗൂഗിള്‍ സേര്‍ച്ചും നല്‍കിയ വിവരമനുസരിച്ച് കപ്പാസിറ്റര്‍ ഉപയോഗിച്ച് 230 വോള്‍ട്ടില്‍ ഉപയോഗിക്കുന്ന സര്‍ക്യൂട്ട് പരീക്ഷിക്കുകയാണ് ചെയ്തത്.


ആദ്യമായി സൌകര്യപ്രദമായൊരു കേസ് സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നു. കേടായ സി.എഫ്.എല്‍ ലാമ്പുകളുടെ കേസ് നല്ലോരു സാദ്ധ്യതയാണെന്ന് ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. സി.എഫ്.എല്‍ ട്യൂബ് ഊരിമാറ്റിയാല്‍ ലഭിക്കുന്ന അടപ്പിലെ നാലു തുളകളിലായി 12 എല്‍.ഇ.ഡികള്‍ പിടിപ്പിക്കാനായി. ഒരു ചെറിയ ജനറല്‍ പര്‍പ്പസ് ബോഡിലായി ഇവ സോള്‍ഡര്‍ ചെയ്യുകയാണെങ്കില്‍ നല്ലൊരു എല്‍.ഇ.ഡി ക്ലസ്റ്ററായി ഇതിനെ ഉപയോഗിക്കാം. ഉപഗോഗിക്കേണ്ട സര്‍ക്യൂട്ടുകള്‍ക്കനുസരിച്ച് എല്‍.ഇ.ഡികള്‍ ശ്രേണിയായോ സമാന്തരമായോ, രണ്ടും ഒരുമിച്ചോ ചെയ്യേണ്ടി വരും. ലെന്‍സ് ഇല്ലാത്ത തരം ചെറിയ ചൈനീസ് എല്‍.ഇ.ഡികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 10 വാട്ട് സി.എഫ് എല്‍ കേസില്‍ 12 മുതല്‍ 20 എണ്ണം വരെ ഉറപ്പിക്കാം.

സര്‍ക്യൂട്ട് വളരെ ലളിതമാണ്. എസി ലൈനില്‍ സീരീസായി ഘടിപ്പിച്ച ഒരു കപ്പാസിറ്ററും അതിന്റെ ഔട്ട്പുട്ട് ഡി.സി ആക്കാനുള്ള ഒരു ഒരു ഡയോഡ് ബ്രിഡ്ജ്, ഒരു ഫില്‍റ്റര്‍ കപ്പസിറ്റര്‍, ഇത്രയുമായാല്‍ കാര്യങ്ങള്‍ നടക്കും. ഈ സര്‍ക്യൂട്ട് ഇലക്ട്രോണിക്സ് ഫോര്‍ യു മാഗസിന്‍ പ്രസിദ്ധീകരിച്ചതിന്റെ ലിങ്ക് ഇതാ. ഒരു ജെനറല്‍ പര്‍പ്പസ് പിസിബിയുടെ കഷണത്തില്‍ വളരെ ലാഘവത്തില്‍ തന്നെ ഇത് നിര്‍മ്മിക്കാവുന്നതാണ്. ബോഡ് സി.എഫ്.എല്‍ കേസില്‍ ഒതുങ്ങുന്നതാവണം എന്നു മാത്രം. 12 എല്‍.ഇ.ഡികള്‍ ശ്രേണിയായി ഘപ്പിപ്പിക്കുകയും അത് ബോഡിലെ ഡി.സി ഔട്ട്പുട്ടില്‍ ഘടിപ്പിക്കുകയും ചെയ്താല്‍ ലൈറ്റ് തയ്യാര്‍.


ഇത് ടെസ്റ്റിങ് ആണ്. 230 വോള്‍ട്ടില്‍ 50 മില്ലി ആമ്പിയര്‍ കരണ്ട് ഒഴുകുന്നതായി കാണാം. അതായത് 230 X .050 = 11.50 വാട്ട് കരണ്ട് ഉപയോഗിക്കുന്നതായി കാണക്കാക്കാം (ഏകദേശം). 12 എല്‍.ഇ.ഡി സീരീസായി ഘപ്പിപ്പിച്ചപ്പോള്‍ രണ്ട് അറ്റങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം 03 X 12 = 36 വോള്‍ട്ട് എന്നു കണക്കാക്കിയാല്‍ എല്‍.ഇ.ഡിയില്‍ ലഭിക്കുന്ന ഫലപ്രദമായ ഊര്‍ജ്ജ ഉപയോഗം 36 X .050 = 1.8 വാട്ട്. അതായാത് എഫിഷ്യന്‍സി 20 ശതമാനം. ഇതില്‍ തന്നെ എല്‍.ഇ.ഡിയുടെ ക്ഷമത കൂടി കണക്കാക്കിയാല്‍ ഫലപ്രദമായ വെളിച്ചം നല്‍കുന്നത് ഇതിലും കുറവായിരിക്കും. (ഈ കണക്കില്‍ ഒരു തിരുത്ത് ,മണിസാറിന്റെ കമന്റ് പ്രകാരം. മുകളില്‍ വാട്ട് എന്ന് പരാമര്‍ശിച്ചിരിക്കുന്നത് വോള്‍ട്ട് ആമ്പിയര്‍ ആണ് (VA). എ സി സര്‍ക്യൂട്ടുകളില്‍ പവര്‍ ഫാക്റ്റര്‍ കൂടി കണക്കിലെടുത്താല്‍ വാട്ട് = VA x pf. ആയതിനാല്‍ ഇത്രയധികം നഷ്ടമുണ്ടാവില്ലെന്ന് ഒരു അപ്ഡേറ്റ് ചേര്‍ത്തുവായിക്കുക).

സര്‍ക്യൂട്ട് പ്രവര്‍ത്തനം:

ഒരു എസി ലൈനില്‍ കപ്പാസിറ്റര്‍ ഏര്‍പ്പെടുത്തുമ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംഗ്രഹിക്കാന്‍ ഈ ഗ്രാഫ് ഉപയോഗപ്പെടുമെന്ന് കരുതുന്നു. ലൈന്‍ വോള്‍ട്ടേജ് ഒഴുക്കിനെ സൂചിപ്പിക്കാന്‍ നീല നിറവും , കരണ്ടിനെ സൂചിപ്പിക്കാന്‍ ചുവപ്പ് നിറവും ഉപയോഗിച്ചിരിക്കുന്നത് കാണുക. കപ്പാസിറ്ററിന്റെ പ്രവര്‍ത്തന ഫലമായി കരണ്ട് ഒഴുക്കില്‍ ലീഡ് വരികയും വോള്‍ട്ടേജിന്റ് ഗ്രാഫിന്റെ മുന്നിലായാണ് കരണ്ട് ഗ്രാഫ് പോകുന്നതെന്നും ശ്രദ്ധിക്കുക. ഇവ രണ്ടിന്റേയും ആകെത്തുകയായി ലൈനില്‍ ലഭിക്കുന്ന ആകെ ഫലം സൂചിപ്പിക്കാന്‍ പച്ച നിറത്തിലുള്ള ഗ്രാഫ് സഹായിക്കും. ഈ പ്രതിഭാസമാണ് ലൈന്‍ റിയാക്റ്റന്‍സായി നമുക്ക് ലഭിക്കുന്നത്.


റിയാക്റ്റന്‍സ് കാണാനുള്ള സമവാക്യം കൊടുത്തിരിക്കുന്നു, f ഫ്രീക്വസിയും C കപ്പാസിറ്ററിന്റ് മൂല്യവും (ഫാരഡില്‍) അകുന്നു. ഇതുപ്രകാരം നമുക്ക് ആവശ്യമായ കരണ്ട് ലഭിക്കാന്‍ ആവശ്യമായ കപ്പാസിറ്റര്‍ ഉപയോഗിക്കുക. ഇവിടെ 50 മില്ലി ആമ്പിയര്‍ കരണ്ട് ലഭിക്കാന്‍ 1.0 മൈക്രോ ഫാരഡ് കപ്പാസിറ്ററാണ് ഉപയോഗിച്ചിരിക്കുന്നത്.
ദോഷ വശങ്ങള്‍:
ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഈ സര്‍ക്യൂട്ടിന് പറയാനുള്ളതെന്നതിനാലാണ് ഗ്രാഫും ഫോര്‍മുലയും പ്രത്യേകം എടുത്തു പറഞ്ഞത്. ഗ്രാഫ് നോക്കുക, സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കപ്പാസിറ്റര്‍ പൂര്‍ണ്ണമായും ഡിസ്ചാര്‍ജ് ആയ അവസ്ഥയില്‍ ലൈന്‍ വോള്‍ട്ടേജ് പൂജ്യത്തില്‍ നിന്നും ആരംഭിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ഗ്രാഫും അതിനനുസരിച്ച സര്‍ക്യൂട്ടും ആണിത്. എന്നാല്‍ ലൈന്‍ കരണ്ട് 230ഇല്‍ നില്‍ക്കുന്ന സമയത്ത് സ്വിച്ചോണ്‍ ചെയ്യുകയാണെങ്കില്‍ വളരെ കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും ഉയര്‍ന്ന കരണ്ട് സര്‍ക്യൂട്ടില്‍ വരാന്‍ ഇടയാകും. ഇത് ഉപകരണത്തിന്റെ ആയുസ്സിനെ കുറക്കും. വളരെ കുറഞ്ഞ കരണ്ട് 5-10 മില്ലി ആമ്പിയര്‍ കരണ്ട് (ഇന്‍ഡിക്കേറ്റര്‍ എല്‍.ഇ.ഡി)ഉപയോഗിക്കുന്ന അവസരത്തില്‍ ഇത് കുഴപ്പങ്ങള്‍ ഉണ്ടാക്കാനിടയില്ലെങ്കിലും കരണ്ട് കൂടുതലായി ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ (ഉദാ : ബ്രൈറ്റ് എല്‍ ഇല്‍ ഡി) ഇത് ഗുരുതരമായ ഒരു പ്രശ്നമായി വരുന്നു. ഉദാഹരണമായി ആകെ 100 മില്ലി ആമ്പിയര്‍ കരണ്ട് ഒഴുകണമെങ്കില്‍ 2.2 മൈക്രോഫാരഡ് കപ്പാസിറ്റര്‍ ഉപയോഗിക്കേണ്ടി വരും (ഫോര്‍മുല പ്രകാരം). ഇത് 100-200 വാട്ട് എസി മോട്ടോറില്‍ ഉപയോഗിക്കുന്ന സ്റ്റാര്‍ട്ട് / റണ്‍ കപ്പാസിറ്റര്‍ ആണെന്ന് ഓര്‍ക്കുക.
നിരീക്ഷണം:
ബ്രൈറ്റ് എല്‍.ഇ.ഡി വിളക്കുകള്‍ നിര്‍മ്മിക്കാന്‍ റിയാക്റ്റന്‍സ് സര്‍ക്യൂട്ട് ഉപയോഗപ്രദമല്ല. എമര്‍ജസി വിളക്കുകള്‍ , ടോര്‍ച്ചുകള്‍ തുടങ്ങിയവയിലെ ബാറ്ററി ചാര്‍ജര്‍ പോലെയുള്ള ഉപയോഗങ്ങള്‍ക്ക് ഇവ ഉപയോഗിക്കാം, ഉപയോഗിച്ചു വരുന്നു.
എസ്.എം.പി.എസുകള്‍:


മൊബൈല്‍ ചാര്‍ജറിലും മറ്റും ഉപയോഗിക്കുന്ന ബേസിക് പവര്‍ സപ്ലേ ആണ് ഉപയോഗിച്ചത്. സര്‍ക്യൂട്ടില്‍ വന്നിരുന്ന MJE 13001 ട്രാന്‍സിസ്റ്ററിനു പകരം 13003 ഉം, ട്രാന്‍സ്ഫോര്‍മറിനു പകരം കമ്പ്യൂട്ടര്‍ പവര്‍ സപ്ലേയില്‍ വന്നിരുന്ന 5 വോള്‍ട്ട് 2 ആമ്പിയര്‍ സ്റ്റാന്റ് ബൈ ട്രാന്‍സ്ഫോര്‍മര്‍‍ റീവൈന്റ് ചെയ്തുമാണ് ഉപയോഗിച്ചത്.
താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് ഇത് നല്‍കിയതെന്ന് പറയാം. 50 മില്ലി ആമ്പിയര്‍ കരണ്ട് ഒഴുകുന്ന ,12 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന രീതില്‍ ഘടിപ്പിച്ച 12 എല്‍.ഇ.ഡി കള്‍, ആകെ 200 മി.ആ. കരണ്ട് എടുക്കുന്നു. 200 മില്ലി ആമ്പിയര്‍ ലോഡ് കരണ്ടില്‍ എസി.ലൈനില്‍ 25 മില്ലി ആമ്പിയര്‍ കരണ്ട് മാത്രമേ ഇത് എടുത്തുള്ളൂ. ഏകദേശം 5 വാട്ട് മാത്രം, 50 ശതമാനം ക്ഷമത. കൂടുതല്‍ മെച്ചപ്പെട്ട ഡിസൈനില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.

ഡി.സി.പള്‍സ് സപ്ലേ:
ഏകദേശം 200 ഹെര്‍ഡ്സ് ഫ്രീക്സ്വസിയില്‍ 50 ശതമാനം ഡ്യൂട്ടി സൈക്കിള്‍ ഉള്ള ഒരു 555 ടൈമര്‍ സര്‍ക്യൂട്ട് പരീക്ഷിച്ചു നോക്കിയിരുന്നു. ഡ്രൈവ് ചെയ്യുന്ന ട്രാന്‍സിസ്റ്റര്‍, ശുദ്ധമായ ഡിസി കരണ്ടില്‍ 200 മില്ലി ആമ്പിയര്‍ കരണ്ട് ഒഴുകുന്ന ഡിസൈന്‍ ഉപയോഗിച്ച്,‍ 200 ഹേര്‍ഡ്സില്‍ 120 മില്ലി ആമ്പിയര്‍ കരണ്ട് എടുക്കുന്നതായാണ് കണ്ടത്. മാത്രവുമല്ല പള്‍സേറ്റിങ് കരണ്ട് ആയതിനാല്‍ എല്‍.ഇ.ഡി യുടെ റേറ്റ്ഡ് കരണ്ടിന്റെ രണ്ടോ മൂന്നോ ഇരട്ടി കരണ്ട് കൊടുക്കാനും തന്മൂ‍ലം കുറഞ്ഞ കരണ്ട് ഉപയോഗത്തില്‍ കൂടുതല്‍ പ്രകാശം ലഭിക്കുകയും ചെയ്യും.
എന്റെ നിരീക്ഷണങ്ങള്‍:
ആയുസ്സുള്ള എല്‍.ഇ.ഡില്‍ വിളക്കുകള്‍ നിര്‍മ്മിക്കണമെങ്കില്‍ നല്ല പവര്‍ സപ്ലേ കൂടിയേ തീരു.
ഒരു വീട്ടില്‍ 10 എല്‍.ഇ.ഡി വിളക്കുകള്‍ ഉപയോഗിക്കണമെങ്കില്‍ 10 പവര്‍ സപ്ലേ ഉപയോഗിക്കണമെന്നര്‍ത്ഥം. ഇത് മൊത്തം ചിലവ് വര്‍ദ്ധിപ്പിക്കാനും, കരണ്ട് ഉപയോഗം കൂട്ടുവാനും ഇടയാക്കുന്നു. ഡി.സിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം എന്ന നിലയിലും, വീട്ടു സപ്ലേ എ.സി 230 വോള്‍ട്ട് ആയതുകോണ്ടും മൊത്തം വീട്ടിലേക്ക് ക്ഷമതയുള്ള, ആവശ്യത്തിനു ശേഷിയുള്ള ഒറ്റ പവര്‍ സപ്ലേ ഉപയോഗിക്കുകയും അതില്‍ നിന്നും വീടുമുഴുവന്‍ എത്തത്തക്കവണ്ണം പ്രത്യേകം വയറിങ് നടത്തി എല്‍.ഇ.ഡി , അതും പള്‍സേറ്റിങ് സര്‍ക്യൂട്ട് അടങ്ങിയ എല്‍.ഇ.ഡി , വിളക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുക. തുടക്കത്തില്‍ ചിലവ് വരാമെങ്കിലും ദീര്‍ഘകാല ഉപയോഗത്തിന് ഈ രീതിയാവും അഭികാമ്യം.


കടപ്പാട്:
റിയാക്റ്റന്‍സ് സര്‍ക്യൂട്ടിന്റെ പ്രശ്നങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കിയ മണിസാറിന്.