Sunday, December 27, 2009

കമ്പ്യൂട്ടര്‍ പവര്‍ സപ്ലെ പുനരുപയോഗം

കമ്പ്യൂട്ടര്‍ പവര്‍ സപ്ലെ പുനരുപയോഗം (Re use of Pc Power Supply) ഒന്നാം ഭാഗം.
(മുന്നറിയിപ്പ്: ശ്രദ്ധിച്ചു കൈകാര്യം ചെയ്യാത്ത പക്ഷം ഷോക്ക് കിട്ടാം)
കമ്പ്യൂട്ടര്‍ എന്ന ഇലക്ട്രോണിക് ഉപകരണത്തിന്റെ വളര്‍ച്ച ത്വരിത ഗതിയിലാണ്. പുതുതലമുറ വരുന്നതിനനുസരിച്ച് പഴഞ്ചനായവയും ശേഷികുറഞ്ഞവയുമായ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് എസ്.എം.പി.എസ് എന്നറിയപ്പെടുന്ന പവര്‍ സപ്ലേ. പുതിയ സാങ്കേതിക വിദ്യയിലെ എ.ടി.എക്സ് പവര്‍ സപ്ലേ വന്നതോടെ പഴയ എ.ടി സപ്ലേകള്‍ പുറന്തള്ളപ്പെട്ടു. എന്റെ മുറിയുടെ മൂലക്ക് തന്നെ കിടക്കുന്ന ഒരു പഴയ എ.ടി പവര്‍ സപ്ലേ റീ യൂസ് ചെയ്ത് ഒരു പ്രോജക്റ്റോടെ ഈ സീരീസിലെ ചില പരീക്ഷണങ്ങള്‍ ആ‍രംഭിക്കുന്നു.

പഴയൊരു പി.3 ഡെല്‍ നോട്ട് പാഡ് ഉണ്ടായിരുന്നത് ഏകദേശം ഡസ്ക്ടൊപ്പിന്റെ ഉപയോഗമായിരുന്നു നടത്തിയിരുന്നത്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതിന്റെ പവര്‍ സപ്ലെ കേടായതിനു പകരം പഴയ പിസി എ.ടി പവര്‍ സപ്ലേ അല്പം വ്യത്യാസങ്ങള്‍ വരുത്തി 20 വോള്‍ട്ട് ചാര്‍ജറായി മാറ്റി.


ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഇത്തരത്തിലുള്ള ധാരാളം കണ്‍വേര്‍ഷനുകള്‍ ലഭിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍ ചെയ്തു വരുമ്പൊള്‍ അത്ര ലളിതമായി കാണാത്തതിനാല്‍ അടിസ്ഥാനപരമായ മാറ്റങ്ങളെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മാത്രവുമല്ല വിവിധ സര്‍ക്യൂട്ടുകള്‍ ഉപയോഗത്തിലുമുണ്ട്. ഉയര്‍ന്ന ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓസിലേറ്ററാണ് ഏതൊരു പവര്‍ സപ്ലേയുടേയും അടിസ്ഥാന ഘടകം. വൈദ്യുത ലൈനില്‍ നിന്നും ലഭിക്കുന്ന എ.സി കരണ്ടിനെ ഡി.സി ആക്കി അതുപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഒരു പള്‍സ് വിഡ്ത്ത് മോഡുലേറ്ററും അത് അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ഡി.സി റ്റു ഡി.സി കണ്‍ വേര്‍ട്ടറുമാണ് എസ്.എം.പി.എസ്. കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം +12, - 12, +5 , ‌-5 എന്നീ സപ്ലേകളാണ് പ്രധാനമായും പുറത്തുവരുന്നത്. വളരെ കൃത്യതയാര്‍ന്നതും ശുദ്ധവുമായ പവറാണ് കമ്പ്യൂട്ടറിന് ആവശ്യമായി വരുന്നതെന്നതിനാല്‍ വോള്‍ട്ടേജ് റഗുലേഷന്‍, ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഓവര്‍ ലോഡ് പ്രൊട്ടക്ഷന്‍ എന്നിവ ഈ യൂണിറ്റില്‍ ഉണ്ടായിരിക്കും. മേല്‍ കാണിച്ച നാലു സപ്ലേകളും പ്രത്യേകമായി സാമ്പിള്‍ ചെയ്ത് അവയുടെ ആകെ ഫലം ഉപയോഗിച്ചാണ് ഈ നിയന്ത്രണങ്ങള്‍ സാദ്ധ്യമാക്കുന്നത്. എതെങ്കിലും ഒരു വോള്‍ട്ടേജ് മാറ്റാന്‍ ശ്രമിച്ചാല്‍ മൊത്തം പവര്‍ സപ്ലേ യൂണിറ്റ് തന്നെ പ്രവര്‍ത്തിക്കാതെയാവും. +12 വോള്‍ട്ട് എന്ന ഒറ്റ വാല്യൂവിനനുസരിച്ച് മോഡിഫിക്കേഷന്‍സ് വരുത്തിയ ശേഷം കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പോവുകയാവും ഉചിതം. ഓസിലോസ്കോപ്പോ അതുപോലെയുള്ള വേവ് ഫോം കാണാനുള്ള സൌകര്യം ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ചെയ്യാമിത്. പ്രായോഗിക വീട്ട് സാഹചര്യങ്ങള്‍ ഓസിലോസ്കോപ്പുപോലെയുള്ള ഉപകരണങ്ങള്‍ അപ്രാപ്യമായതിനാല്‍ സപ്ലേ ഫാന്‍ കറങ്ങുന്ന അവസ്ഥ സ്ഥിരമായി നില നിര്‍ത്തി ഘട്ടം ഘട്ടമായി മറ്റ് പരിഷ്കാരങ്ങളിലേക്ക് കടക്കുകയാവും ബുദ്ധി.( 494 ഓസിലേറ്റ് ചെയ്യുന്നുണ്ടോ എന്നറിയാന്‍ ചെറിയൊരു ഡ്രൈവര്‍ ട്രാസ്ന്‍ഫോര്‍മര്‍ കണക്റ്റ് ചെയ്ത് അതിലെ സെക്കന്ററിയില്‍ വോള്‍ട്ടേജിന്റെ സാന്നിദ്ധ്യം അളന്നാണ് ഞാന്‍ പരീക്ഷിക്കാറ്.)
ഇടതു വശത്തെ ഡയഗ്രം നോക്കുക. എപ്രകാരമാണ് വോള്‍ട്ടേജും ഓവര്‍ ലോഡും നിയന്ത്രിക്കപ്പെടുന്നത് എന്നതിന്റെ ഒരു സൂചനമാത്രമാണ് ( സര്‍ക്യൂട്ട് പൂര്‍ണ്ണമല്ല) . ഇവിടെ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.
1. TL 494 ഐസിയുടെ ഒന്നാമത്തെ പിന്‍. ഔട്ട്പുട്ട് വോള്‍ട്ടേജുകള്‍ ഫീഡ് ബാക്ക് കൊടുക്കുന്ന പിന്നാണ് ഇത്. നിലവില്‍ വിവിധ വോള്‍ട്ടേജുകള്‍ കൊടുത്തിട്ടുള്ളതിനു പകരം +12 വോള്‍ട്ട് ഫീഡ് ബാക്കു മാത്രമായി വേര്‍തിരിക്കുക എന്നതാണ് ആദ്യ ഘട്ടം. ആ പിന്നിനെ എല്ലാറസിസ്റ്ററുകളും മാറ്റിയ ശേഷം 3.9 കിലോ.ഓംസ് ഗ്രൌണ്ടിലേക്കും 6.8 കിലോ ഓം + 12 ലെക്കും കൊടുത്ത് അത് പ്രവര്‍ത്തിപ്പിച്ചു.
2. ഡിഫറന്‍ഷ്യല്‍ ആമ്പ് ആയ LM 339 ലാണ് ബാക്കി വ്യത്യാസങ്ങള്‍. ഓവര്‍ ലോഡ് പിന്നില്‍ വ്യത്യാസം ഒന്നും വരുത്തേണ്ടതില്ല.
3. ഓവര്‍ വോള്‍ട്ടേജ് പിന്ന് (പിന് 7) ലേക്ക് കൊടുത്ത റസിറ്ററുകള്‍ വ്യത്യാസം വരുത്തി 12 വോള്‍ട്ട് ഒറ്റ സപ്ലേയിലേക്ക് അഡ്ജസ്റ്റ് ചെയ്ത് കൊണ്ടു വരികയാണ് അടുത്ത പടി. നിലവിലെ + 12 ഒഴികെ മറ്റെല്ലാ ലൈനുകളും കട്ട് ചെയ്യുകയും പകരം 2.7 കിലോ ഓംസ് റസിസ്റ്റര്‍ ഗ്രൌണ്ട് ചെയ്യൂകയും ചെയ്ത് ഇത് സാധ്യമായി.

ഇപ്പോള്‍ നമ്മുടെ പവര്‍ സപ്ലേ +12 വോള്‍‍ട്ട് മാത്രം ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇനി ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ കൂടി വരുത്താവുന്നതാണ്.

+12 വോള്‍ട്ടില്‍ നിന്നും പള്‍സ് വിഡ്ത്ത് കണ്ട്രോള്‍ ഐസി (494) യുടെ പിന്‍ 1 ലേക്ക് കൊടുത്തിരിക്കുന്ന റെസിസ്റ്റര്‍ വാല്യൂ കൂട്ടുന്നതിനനുസരിച്ച് പള്‍സ് വിഡ്ത്ത് മോഡുലേഷന്‍ വ്യത്യാസം വരുന്നതും വോള്‍ട്ടേജ് കൂടുന്നതുമാണ്. ബാറ്ററി ചാര്‍ജര്‍ (13.2 വോള്‍ട്ട്) ആയി ഉപയോഗിക്കാന്‍ ഇപ്രകാരം വ്യത്യാസം വരുത്തിയിയാല്‍ മതിയാകും. അതില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചാല്‍ ഡ്രൈവര്‍ ട്രാന്‍സിസ്റ്ററുകള്‍ ലോഡ് കൂടാനിടയുണ്ട്.

കൂടുതല്‍ വോള്‍ട്ടേജ് , അല്ലെങ്കില്‍ കരണ്ട് ആവശ്യമുള്ള പക്ഷം ഔട്ട്പുട്ട് ട്രാന്‍സ്ഫോര്‍മറില്‍ വ്യത്യാസം വരുത്തി സാദ്ധ്യമാക്കാവുന്നതാണ്. ഔട്ട്പുട്ട് ട്രാന്‍സ്ഫോര്‍മര്‍ എപ്രകാരം റീവൈന്‍ഡ് ചെയ്യാമെന്ന് അടുത്ത ഭാഗത്തില്‍ വിശദീകരിക്കാം.
കുറിപ്പ്:
മെര്‍ക്കുറി കമ്പനിയുടെ എ.ടി. 200 വാട്ട് എസ്.എം.പി.എസ് ഉപയോഗിച്ചാണ് ഈ പവര്‍ സപ്ലേ ഉണ്ടാക്കിയത്. ട്രാന്‍സ്ഫോര്‍മര്‍ വൈന്‍ഡിങും കൂടെ വിശദീകരിച്ച ശേഷം ഉണ്ടാക്കിയെടുത്ത പവര്‍ സപ്ലേയുടെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്യാം.

6 comments:

അനില്‍@ബ്ലോഗ് // anil said...

സൂക്ഷിക്കുക, ഷോക്കടിക്കാന്‍ സാദ്ധ്യതയുണ്ട്.

Typist | എഴുത്തുകാരി said...

എന്റെ വീട്ടിലും ഉണ്ട് ഇതുപോലൊരെണ്ണം പഴയതു്.സംഭവം ഇതു തന്നെയാണോന്നറിയില്ല.

നന്ദന said...

ഷോക്കടിച്ചു !!!

ചാണക്യന്‍ said...

ഞാനീവഴി വന്നിട്ടില്ല...:):):):)

പാമരന്‍ said...

ഫീഗരാ..:)

ഗ്രീഷ്മയുടെ ലോകം said...

ബാക്കി കൂടെ പോരട്ടെ.